മക്കളെ എന്തുകൊണ്ട് ഇന്ത്യയിൽ വളർത്തുന്നു; കാരണങ്ങളുടെ പട്ടിക നിരത്തി അമേരിക്കൻ യുവതി
Monday, March 31, 2025 12:31 PM IST
അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ക്രിസ്റ്റൻ ഫിഷർ കുറച്ചു വർഷങ്ങളായി ഇന്ത്യയിലാണ് താമസം. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ, ഇന്ത്യയിലെ തന്റെ ജീവിതത്തെക്കിറിച്ച് അവർ പറയാറുണ്ട്. അടുത്തിടെ, തന്റെ കുട്ടികൾ ഇന്ത്യയിൽ വളരുന്നത് എന്തുകൊണ്ടാണെന്നു ഫിഷർ പങ്കുവെച്ചിരുന്നു. ഇന്ത്യയിൽ വളരുന്നത് വഴി തന്റെ കുട്ടികൾക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്ന നേട്ടങ്ങളുടെ ഒരു പട്ടിക തയാറാക്കി ഫിഷർ ഇൻസ്റ്റാഗ്രാമിൽ വിശദമായി പങ്കുവെച്ചിട്ടുണ്ട്.
സാംസ്കാരിക അവബോധം മുതൽ ശക്തമായ കുടുംബബന്ധങ്ങൾ വരെ, ഒരു ഇന്ത്യക്കാരന് അഭിമാനിക്കാൻ കഴിയുന്നതെല്ലാം ആ ഉള്ളടക്കത്തിലുണ്ട്. "എന്റെ കുട്ടികൾക്ക് ഇന്ത്യയിൽ വളരുന്നതിലൂടെ വളരെയധികം പ്രയോജനം ലഭിക്കും. അമേരിക്കയ്ക്ക് പകരം ഇന്ത്യയിൽ അവരുടെ കുട്ടിക്കാലം ചെലവഴിക്കുന്നതിലൂടെ അവർക്ക് എങ്ങനെ കൂടുതൽ സൗകര്യപ്രദമാകുമെന്നതിന്റെ ചില കാരണങ്ങൾ ഇതാ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഫിഷർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളുടെ ഒരു പട്ടിക താഴെ നൽകിയിരിക്കുന്നു.
സാംസ്കാരിക അവബോധവും പൊരുത്തപ്പെടുത്തലും: ഇന്ത്യയിൽ താമസിക്കുന്നത് എന്റെ കുട്ടികളെ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ആചാരങ്ങളുടെയും സമ്പന്നമായ വൈവിധ്യത്തിലേക്ക് നയിക്കും. വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വിലമതിപ്പും വികസിപ്പിക്കാൻ ഇത് അവരെ സഹായിക്കുന്നു, തുറന്ന മനസും പൊരുത്തപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നു.
അടുത്തത് ബഹുഭാഷാവാദം: ഇന്ത്യ നിരവധി ഭാഷകളുടെ കേന്ദ്രമാണ്. എന്റെ കുട്ടികൾ ഹിന്ദി പഠിക്കുകയും ഇംഗ്ലീഷിനൊപ്പം മറ്റ് നിരവധി ഭാഷകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്. ബഹുഭാഷാപരമായിരിക്കുന്നത് വൈജ്ഞാനിക വികസനം വർധിപ്പിക്കുകയും ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുകയും ഭാവിയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.
ആഗോള വീക്ഷണം: ഇന്ത്യയിൽ വളരുന്ന എന്റെ കുട്ടികൾ വിശാലമായ ഒരു ലോകവീക്ഷണം നേടും. ആഗോള പ്രശ്നങ്ങൾ, പ്രാദേശിക വെല്ലുവിളികൾ, വ്യത്യസ്തമായ സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് അവർ പഠിക്കും. ഇത് ആഗോള പൗരത്വത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ ഒരു വീക്ഷണം വികസിപ്പിക്കാൻ അവരെ സഹായിക്കും.
പ്രതിരോധശേഷിയും സ്വാതന്ത്ര്യവും: മറ്റൊരു രാജ്യത്ത് താമസിക്കുന്നതിനു കുട്ടികൾക്ക് പലവിധ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്, ഒരു പുതിയ സ്കൂൾ സംവിധാനവുമായി പൊരുത്തപ്പെടുന്നത് മുതൽ പ്രാദേശിക ആചാരങ്ങൾ മനസിലാക്കുന്നത് വരെ. ഇത് പ്രതിരോധശേഷി, പ്രശ്നപരിഹാര കഴിവുകൾ, സ്വാതന്ത്ര്യം എന്നിവ വളർത്തുന്നു.
വൈകാരിക ബുദ്ധി: ഇന്ത്യയിലെ വൈവിധ്യമാർന്ന സാമൂഹിക മാനദണ്ഡങ്ങളുമായും കുടുംബ ഘടനകളുമായും സമ്പർക്കം പുലർത്തുന്നത് എന്റെ കുട്ടികളെ ഉയർന്ന വൈകാരിക ബുദ്ധി വികസിപ്പിക്കാൻ സഹായിക്കും. അവർ വൈവിധ്യമാർന്ന ആളുകളുമായി ഇടപഴകാൻ പഠിക്കുകയും വ്യത്യസ്ത വൈകാരിക സൂചനകൾ മനസിലാക്കുകയും സഹാനുഭൂതിയും സാമൂഹിക കഴിവുകളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശക്തമായ കുടുംബബന്ധങ്ങൾ: പല ഇന്ത്യൻ കുടുംബങ്ങളും അടുത്ത ബന്ധങ്ങളിലും വിപുലീകൃത കുടുംബ ശൃംഖലകളിലും ഊന്നൽ നൽകുന്നു. ഇത് എന്റെ കുട്ടികൾക്ക് കൂടുതൽ വ്യക്തിഗതമായ അമേരിക്കൻ മാതൃകയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു സ്വന്തമായ ബോധം, വൈകാരിക പിന്തുണ, ആഴത്തിലുള്ള കുടുംബ ബന്ധങ്ങൾ എന്നിവ നൽകുന്നു.
ലാളിത്യത്തിനും കൃതജ്ഞതയ്ക്കും ഉള്ള വിലമതിപ്പ്: ചില പ്രദേശങ്ങൾ സമ്പത്തിനും ദാരിദ്ര്യത്തിനും ഇടയിൽ കടുത്ത വ്യത്യാസങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യത്ത് താമസിക്കുന്നത് കുട്ടികൾക്ക് കൃതജ്ഞതയുടെയും ലാളിത്യത്തിന്റെയും മൂല്യവും അവർക്കുള്ളതിനെ വിലമതിക്കുന്നതിന്റെ പ്രാധാന്യവും പഠിപ്പിക്കും.
ആഗോള നെറ്റ്വർക്കുകളുമായുള്ള ബന്ധം: എന്റെ കുട്ടികൾ ലോകമെമ്പാടുമുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കും. ഈ ബന്ധങ്ങൾ അവരുടെ പിന്നീടുള്ള ജീവിതത്തിൽ അവരുടെ കരിയറിൽ പ്രയോജനത്തിനായി ഒരു ആഗോള നെറ്റ്വർക്കായി വർത്തിക്കും.
എന്തായാലും ക്രിസ്റ്റിന്റെ പോസ്റ്റിന് നിറയെ കമന്റുകളാണ് ലഭിക്കുന്നത്. "നിങ്ങളുടെ കുട്ടികൾ ഇന്ത്യൻ സംസ്കാരത്തിൽ ജീവിക്കാനും വളർത്തപ്പെടാനും ഭാഗ്യം ലഭിച്ചവരാണ്' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. "നിങ്ങൾ പോസിറ്റീവിറ്റി നിറഞ്ഞ ആളാണ്, പുതിയ സംസ്കാരം, സമൂഹം, പരിസ്ഥിതി എന്നിവയുമായി പൊരുത്തപ്പെടാൻ വളരെ തുറന്ന മനസ്സുള്ള ആളാണ്. നിങ്ങളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്. തുടരുക' എന്ന് മറ്റൊരാൾ പറഞ്ഞു.