ഡയറ്റ്, വ്യായാമം ഇതുമാത്രം പോരാ ദീർഘായുസിന്; എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം
Friday, March 28, 2025 10:17 AM IST
നിങ്ങൾക്ക് പ്രായം കുറവ് തോന്നിക്കണോ, സൗന്ദര്യം വർധിപ്പിക്കണോ, ദീർഘായുസ് വേണോ എങ്കിൽ ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ. അത് കഴിക്കൂ, ഇത് കഴിക്കൂ. നിർദ്ദേശങ്ങൾക്ക് ഒരു കുറവുമില്ല. ഗൂഗിൾ മുതൽ ദിവസവും ഓരോ വീഡിയോയുമായി എത്തുന്ന കണ്ടന്റ് ക്രിയേറ്റേഴ്സ് വരെ ഉപദേശിക്കാൻ മുൻപന്തിയിലുണ്ട്.
പലരും ഭക്ഷണത്തിനും വ്യായാമത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഓരോ ആവശ്യത്തിനു ഓരോ ഡയറ്റും ഓരോ വ്യായാമവും നിർദ്ദേശിക്കുന്നവരാണ് അധികവും. എന്നാൽ, ഡയറ്റിലോ വ്യായാമത്തിലോ മാത്രമല്ല കാര്യമെന്നു പറയുകയാണ് മൂന്നു പേർ. അത് ഓരോരുത്തരും അവരവരുടെ ജീവിതം എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് കാര്യമെന്നാണിവർ പറയുന്നത്.
കണ്ടന്റ് ക്രിയേറ്ററായ യെയർ ബ്രാച്ചിയാഹു അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മൂന്ന് സ്ത്രീകളുടെ ഇന്റർവ്യു പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേരിൽ ഒരാൾക്ക് 101 വയസാണ്. മറ്റൊരാൾക്ക് 100 വയസ്. മൂന്നാമത്തെ ആൾക്ക് 90 വയസ്.
ജീവതം എങ്ങനെയാണോ അതു പൂർണമായും സ്വീകരിക്കുന്നതിലാണ് ഒരാളുടെ ദീർഘായുസിന്റെ രഹസ്യമെന്നാണ് മൂവരും പറയുന്നത്. സ്വയം സന്തോഷം കണ്ടെത്തുക, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുക, ചുറ്റുമുള്ളവരുമായി സന്തോഷകരമായ ജീവിതം വളർത്തിയെടുക്കുക എന്നിവയാണ് ഏറെ പ്രധാനപ്പെട്ടത്. ഇവയെല്ലാം ഒരാൾ ജീവിതത്തിൽ വളർത്തിയെടുക്കേണ്ട ഗുണങ്ങളാണ്. ഇവയാണ് ഈ മൂന്നു പേരുടെയും ജീവിതത്തിന്റെ വിജയരഹസ്യമെന്നും ഇവർ പങ്കുവെയ്ക്കുന്നു.
വീഡിയോ കണ്ട് അഭിപ്രായവുമായി നിരവധിപ്പേരെത്തി. അതിൽ യോജിപ്പ് പ്രകടിപ്പിച്ചവരും വിയോജിപ്പ് പ്രകടിപ്പിച്ചവരുമുണ്ട്. കാര്യമൊക്കെ ശരിയാണ് പക്ഷേ, വ്യായാമത്തെയും ഡയറ്റിനെയും കുറച്ചു കാണരുതെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
സ്വയം സ്നേഹിക്കുക, സന്തോഷിക്കുക, സമാധാനം കണ്ടെത്തുക ഇതൊക്കെയാണ് ആരോഗ്യകരമായ ജീവിതത്തിന് വേണ്ടതെന്ന് അഭിപ്രായപ്പെട്ടവർ നിരവധിയാണ്. അതോടൊപ്പം സാന്പത്തിക സ്വാതന്ത്ര്യവും അത്യാവശ്യമാണെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചിലർക്ക് അഭിപ്രായമുണ്ടായിരുന്നു.