എന്താ ഇപ്പോ പറഞ്ഞേ? മലയാളം മനസിലായില്ലേ... ഇത്രയും നന്നായി ഞാൻ പോലും പറയില്ലല്ലോ?ഞെട്ടിച്ച് ജർമ്മൻകാരിയുടെ മലയാളം
Saturday, March 22, 2025 12:31 PM IST
അന്യനാട്ടുകാർ കേരളത്തിൽ വന്നു മലയാളം പറയുന്ന കേട്ടാൽ ആഹാ കൊള്ളാമല്ലോ ഒന്നൂടെ പറഞ്ഞേ കേൾക്കട്ടേ എന്നാണ് മലയാളികൾ പൊതുവേ പറയാറ്. എന്നാൽ, ക്ലാര പറയുന്നതു കേൾക്കുന്പോൾ ഒന്നൂടെ പറഞ്ഞേ എന്നു പറയുന്നത് ക്ലാരയുടെ സംസാരം കേട്ട് ചിരിക്കാനൊന്നുമല്ല. ഇത് ജർമ്മനിക്കാരി തന്നെയാണോയെന്നു ഉറപ്പിക്കാനാണ്. കാരണം അത്ര മനോഹരവും സ്ഫുടവുമാണ് ഈ ജർമ്മനിക്കാരിയുടെ മലയാളം.
അടുത്തിടെ ക്ലാരയ്ക്ക് ഊബർ ഡ്രൈവറായി ലഭിച്ചത് ഒരു മലയാളിയെയായിരുന്നു. അദ്ദേഹത്തോട് സംസാരിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടു വഴി പങ്കുവെയ്ക്കുകയും ചെയ്തതോടെയാണ് വീഡിയോ വൈറലായത്. ജർമ്മന്‍ പഠിപ്പിക്കുകയും മലയാളം പഠിക്കുകയും ചെയ്യുന്ന ക്ലാര നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.
തന്നോട് മലയാളം സംസാരിക്കുന്ന ജർമ്മൻകാരിയെ കണ്ട് ഡ്രൈവർ അദ്ഭുതപ്പെടുന്നതും വീഡിയോയിൽകാണാം. ഞാൻ കരുതി വിദേശത്തു ജനിച്ചു വളർന്ന ആളാണെന്നും മലയാളം അറിയില്ലെന്നുമാണ്. പക്ഷേ, നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോയെന്നും എങ്ങനെ പഠിച്ചുവെന്നും ചോദിക്കുന്നുണ്ട്.
ജർമ്മനിയിൽ ഗവേഷണകാലത്ത് തന്റെ ഒപ്പം ധാരാളം മലയാളികളുണ്ടായിരുന്നു അവരിൽ നിന്നുമാണ് മലയാളം പഠിച്ചു തുടങ്ങിയതെന്ന് ക്ലാര പറയുന്നുണ്ട്. തന്റെ ഭാര്യയെ ഞെട്ടിക്കാനായി അവരോട് മലയാളത്തില്‍ സംസാരിക്കാമോയെന്ന് ഡ്രൈവര്‍ ക്ലാരയോട് ചോദിക്കുകയും ക്ലാര അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ഒപ്പം താന്‍ അഞ്ച് വര്‍ഷമായി മലയാളം പഠിക്കുന്നുണ്ടെന്നും ഇപ്പോൾ പിഡിഎഫിന്റെ സഹായത്തോടെ മലയാളം പഠിക്കുന്നുണ്ടെന്നും ക്ലാര പറയുന്നു. വീഡിയോ കണ്ട് തങ്ങളേക്കാൾ നന്നായി ക്ലാര മലയാളം പറയുന്നുണ്ടെന്നും. ക്ലാര മലയാളം പഠിക്കാനുപയോഗിക്കുന്ന പിഡിഎഫ് ഏതാണെന്നും ചോദിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.