മനോഹരമായ നിമിഷങ്ങൾ പെട്ടന്നാണ് അത് സംഭവിച്ചത്; കളർ ബോംബ് പൊട്ടിത്തെറിച്ച് വധുവിന് പൊള്ളലേറ്റു
Friday, March 21, 2025 3:13 PM IST
വിവാഹ ആഘോഷങ്ങൾ ചിലപ്പോഴൊക്കെ അതിരു വിടുന്നുണ്ടോയെന്നു തോന്നും. കാരണം അത്രത്തോളമാണ് കട്ടികൂട്ടലുകൾ. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചില പരിപാടികൾ ചിലപ്പോഴൊക്കെ സന്തോഷ നിമിഷങ്ങളെ സങ്കടത്തിലുമാക്കാറുണ്ട്. ബെംഗളുരുവിൽ അടുത്തിടെ നടന്ന വിവാഹത്തിലും സന്തോഷ നിമിഷങ്ങളെ സങ്കടത്തിലാക്കുന്ന ഒരു സംഭവം ഉണ്ടായി.
വിവാഹത്തിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് അപകടം സംഭവിച്ചത്. കളർ ബോംബ് പൊട്ടിത്തെറിച്ച് വധുവിന്റെ ശരീരത്തിൽ പൊള്ളലേൽക്കുകയും തലമുടി കരിയുകയും ചെയ്തു. വിക്കി, പിയ ദന്പതിമാർക്കാണ് വിവാഹദിനത്തിൽ ഈ ദുരനുഭവം ഉണ്ടായത്. അവർ തന്നെയാണ് ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.
വിക്കിയും പിയയും കാനഡയിലാണ് താമസക്കുന്നത്. ഇരുവരുടേയും വിവാഹം നടന്നത് ബെംഗളുരുവിലായിരുന്നു. വിവാഹ ദിനത്തിൽ വിക്കി പിയയെ എടുത്തുയർത്തുന്ന ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ അവർക്കു സമീപം കളർ ബോംബുകൾ പൊട്ടുന്നുണ്ട്. പെട്ടെന്നാണ് അതിലൊരെണ്ണം പൊട്ടി പിയയുടെ ശരീരത്തിലേക്ക് പതിക്കുന്നത്.
ആദ്യം തമാശയായി ചിരിച്ചുകൊണ്ട് പിയയ ഇതിനെ നേരിടുന്നുണ്ടെങ്കിലും പെട്ടന്നു തന്നെ ശരീരത്തിൽ പൊള്ളലേറ്റതായി മനസിലാക്കുകയും പിയയുടെ മുഖഭാവം മാറുകയും ചെയ്യുന്നുണ്ട്. പിയയുടെ പുറത്ത് പൊള്ളലേറ്റതിന്റെയും തലമുടി കരിഞ്ഞതിന്റെയും ദൃശ്യങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.