ഒന്നും നോക്കിയില്ല ഒറ്റ പോക്കായിരുന്നു; തണുത്തുറഞ്ഞ ആർട്ടിക് സമുദ്രത്തിലൂടെ ഒന്‍പത് ദിവസം തുടർച്ചയായി നീന്തുന്ന ഹിമ കരടി
Friday, March 21, 2025 10:32 AM IST
ചെറിയൊരു തണുപ്പിൽ പോലും കിടുകിടാ വിറക്കുന്നവരാണ് പലരും. അപ്പോൾ ഐസ് വീഴുന്ന തണുത്തുറഞ്ഞ ജലത്തിലൂടെ ഒന്‍പതു ദിവസം തുടർച്ചയായി നീന്തുന്നതിനെക്കുറിച്ചൊന്നു ഓർത്തു നോക്കൂ. അയ്യോ എന്നു വെച്ചു പോകുമല്ലേ. എന്നാൽ, ഒരു ധ്രുവക്കരടി അങ്ങനെയങ്ങു നീന്തി. വടക്കൻ അലാസ്കയ്ക്കു സമീപം ബ്യൂഫോർട്ട് കടലിലൂടെയാണ് ഈ കരടി നീന്തിയത്.
011 ലാണ് ഈ വീഡിയോ ചിത്രീകരിക്കപ്പെട്ടത്. ഇപ്പോഴാണ് വീഡിയോ വൈറലായത്. നേച്വർ ഈസ് അമേസിംഗ് എന്ന എക്സ് പ്ലാറ്റ്ഫോമിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കരടി നീന്തുന്നതിന്റെ ആകാശ ദൃശ്യമാണ് പങ്കുവെച്ചിരിക്കുന്നത്. ചെറുതും വലുതുമായ മഞ്ഞ് പാളികളാണ് ഒരു വശത്ത്. മറുവശത്ത് കടലാണ്.
മഞ്ഞു പാളികളുടെ കൂട്ടത്തിന് സമാന്തരമായാണ് തന്റെ മുന്‍പിന്‍ കാലുകൾ ഉപയോഗിച്ച് ഹിമക്കരടി നീന്തുന്നത്. വളരെ മനോഹരമായ കാഴ്ച്ചയ്ക്ക് ധാരാളം കാഴ്ച്ചക്കാരുമുണ്ട്. ഇതിനകം നാലു കോടി നാൽപതു ലക്ഷം പേരാണ് വീഡിയോ കണ്ടത്.
2008 -ല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ, പോളാര്‍ കരടിയുടെ കഴുത്തില്‍ സ്ഥാപിച്ച റേഡിയോ ട്രാന്സ്മീറ്റര് വഴിയാണ് കരടിയെ ട്രാക്ക് ചെയ്യുന്നത്. 2011 ൽ കരടി 687 കിലോമീറ്ററോളം സഞ്ചരിച്ചു. അവിടം കൊണ്ട് യാത്ര അവസാനിപ്പിച്ചില്ല. കുറച്ച് ഭക്ഷണമൊക്കെ കഴിച്ച് ഒന്നു റിലാക്സ് ചെയ്തുശേഷം ആ പെൺ കരടി വീണ്ടും 1,800 കിലോ മീറ്റർ കൂടി സഞ്ചരിച്ചു.
ഇരതേടിയാകും ഇത് ഇത്രയധികം ദൂരം സഞ്ചരിച്ചതെന്നാണ് കരുതുന്നത്. പക്ഷേ, ഈ യാത്രയിലൂടെ ധ്രുവക്കരടിക്ക് നഷ്ടമായത് 20 ശതമാനം ശരീരഭാരമാണ്. "ഒരു തളര്ച്ചയുമില്ലാതെയാണോ ഇങ്ങനെ നീന്തിയത്? എന്നിങ്ങനെ അതിശയത്തോടെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.