വൃത്തിയാക്കിയില്ലെങ്കിലും വൃത്തികേടാക്കാതിരുന്നൂടെ; വീഡിയോ കണ്ടിട്ട് ശ്ശോ വേണ്ടായിരുന്നുവെന്നു തോന്നിയോ?
Thursday, March 20, 2025 11:52 AM IST
പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി ഇടുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര പുതുമയുള്ള കാര്യമല്ല. എന്നിട്ട് പൊതു സ്ഥലങ്ങൾക്കൊന്നും വൃത്തിയില്ലെന്നുള്ള പരാതിയും. വൃത്തിയാക്കിയില്ലെങ്കിലും വൃത്തികേടാക്കുന്നതിൽ മടിയൊന്നും കാണിക്കാത്തവർ ശ്ശോ വേണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
രണ്ട് ഡാനിഷ് വിനോദ സഞ്ചാരികൾ വടക്കൻ സിക്കിമിലെ യംതാങ് താഴ്വരയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ റോഡരികിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൽ പെറുക്കുന്നതാണ് വീഡിയോയിലുള്ളത്.
മഞ്ഞു മൂടിക്കിടക്കുന്ന വഴിയിലൂടെ നടക്കുന്ന ഇരുവരും ഒരു കവറിൽ വഴിയരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പെറുക്കിയെടുക്കുന്നതായി കാണാം. ഇത് കാണുന്ന മറ്റു ആളുകൾ ഇവരെ കൗതുകത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. @sikkimdiariescom എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
നമുക്ക് നമ്മെ കുറിച്ചോർത്ത് നാണം തോന്നണം എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. നിങ്ങളുടെ രാജ്യം സുന്ദരമാണ് എന്നും അത് വൃത്തിയായി സൂക്ഷിക്കണം എന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഈ ഡാനിഷ് ടൂറിസ്റ്റുകളിലെ സ്ത്രീ പറഞ്ഞിരുന്നുവെന്നാണ് വീഡിയോകണ്ട മറ്റൊരാളുടെ കമന്റ്.