പെൺകുട്ടിയായതു കൊണ്ട് ആർട്സ് പഠിക്കേണ്ടി വന്നു; എനിക്കിഷ്ടം സയൻസായിരുന്നുവെന്നു പറയുന്പോഴേക്കും കണ്ണു നിറഞ്ഞൊഴുകുന്നു
Friday, March 14, 2025 3:30 PM IST
ഇത് തുല്യതയുടെ ലോകമാണ്. ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലെന്നൊക്കെ പറയുമെങ്കിലും വിവേചനം ഇന്നും നിലനിൽക്കുന്നുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. ജോലി, വിദ്യാഭ്യാസം എന്നിവയിലൊക്കെ ഈ വിവേചനം നിലനിൽക്കുന്നുണ്ട്. വീടിനകത്തു പോലും ഈ അവഗണന പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ടെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഒരു ചാനൽ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുകയാണ് ഒരു പെൺകുട്ടി. അവൾ ഉത്തരം പറയുന്പോൾ കരഞ്ഞു പോവുകയാണ്. ഒരു പെൺകുട്ടിയായതുകൊണ്ട് ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായില്ലെന്നു പറഞ്ഞാണ് അവൾ കരയുന്നത്.
ധനാപൂരിൽ നിന്നുള്ള ഖുശ്ബുവാണ് തന്റെ ദുരവസ്ഥ വിവരിക്കുന്നത്. ഇന്റർമീഡിയറ്റ് വിദ്യാർഥിനിയാണ് ഖുശ്ബു. അവൾക്ക് മെട്രിക്കുലേഷനു ശേഷം സയൻസ് പഠിക്കണമെന്നായിരുന്നു ആഗ്രഹം പക്ഷേ, വീട്ടുകാർ പഠിക്കാൻ ആവശ്യപ്പെട്ടത് ആർട്സാണ്.
"തന്റെ വീട്ടിൽ തനിക്കും സഹോദരന്മാർക്കും ഇടയിൽ ഇപ്പോഴും വിവേചനമുണ്ട്. തന്റെ
സഹോദരന്മാർക്ക് എന്ത് പഠിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ സഹോദരിമാർക്ക് അങ്ങനെയല്ല. പഠിക്കാൻ ഞങ്ങൾക്ക് ഫോൺ പോലും തരാറില്ല. ഞാൻ മെട്രിക്കുലേഷൻ പഠിച്ചിരുന്നപ്പോൾ എന്റെ അമ്മ എന്നോട് പറഞ്ഞത് 400 -ലധികം മാർക്ക് വാങ്ങിയാൽ സയൻസ് പഠിക്കാം, അല്ലെങ്കിൽ പറ്റില്ല എന്നാണ്.
എനിക്ക് 399 മാർക്കുണ്ടായിരുന്നു. പക്ഷേ,400 മാർക്ക് ഒരു മാർക്കിനു നഷ്ടപ്പെട്ടതിനാൽ എനിക്ക് ആർട്സ് പഠിക്കാൻ പാറ്റ്നയ്ക്കു വരേണ്ടി വന്നു എന്നു പറഞ്ഞാണ് അവൾ കരയുന്നത്.
അരവിന്ദ് എന്ന പേരിലുള്ള എക്സ് പ്ലാറ്റ്ഫോമിൽ നിന്നുമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. അവൾക്കിഷ്ടമുള്ളത് പഠിക്കാനാവണം. 2025 -ലും ഈ വിവേചനം നടക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.