ട്രെയിനിൽ ഒറ്റയ്ക്കാണെന്നു തോന്നലേയില്ല, ഓടിക്കളിക്കാൻ എലിയുണ്ട് കൂട്ടിന്
Friday, March 14, 2025 12:41 PM IST
ഇന്ത്യന്‍ റെയില്‍വേയ്ക്ക് പഴി കിട്ടാത്ത ദിവസങ്ങൾ വളരെ കുറവാണ്. വൃത്തിയില്ലായ്മ, സമയം പാലിക്കാത്തത് തുടങ്ങി നിരവധി കാര്യങ്ങളുണ്ട് പഴി കേൾക്കാൻ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ വൃത്തിയില്ലായ്മയാണ് ചർച്ചയായിരിക്കുന്നത്.
എസി കോച്ചിലൂടെ പരക്കം പായുന്ന എലിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സൗത്ത് ബീഹാര്‍ എക്സ്പ്രസിലെ യാത്രക്കാരനായ പ്രശാന്ത് കുമാറാണ് തന്റെ എക്സ് പ്ലാറ്റ്ഫോണിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒപ്പം എസി കോച്ചില്‍ മുഴുവനും എലിയുടെ മണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ പരാതികൾ വീഡിയോയും കുറിപ്പുമായാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ, ആരും പ്രതികരണവുമായി എത്തിയിട്ടില്ല.
രണ്ടാം ക്ലാസ് എസി കംപാർട്ടുമെന്റിലാണ് പ്രശാന്ത് യാത്ര ചെയ്യുന്നത്. മൂവായിരം രൂപയ്ക്കു മുകളിൽ ചെലവഴിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എലി ബർത്തിനു മുകളിലൂടെ ഓടി നടക്കുന്നത്, ബെഡ്ഷീറ്റിലൂടെ ഓടുന്നത് തുടങ്ങിയവയൊക്കെ വീഡിയോകളിൽ കാണാം. മനുഷ്യരിരിക്കുന്നതൊന്നും ആൾക്കു പ്രശ്നമില്ല. കാരണം അത്ര കൂളായാണ് എലി തലങ്ങും വിലങ്ങും നടക്കുന്നത്.
"പിഎൻആർ 6649339230, ട്രെയിൻ 13288, കോച്ച് എ 1 ൽ ഒന്നിലധികം എലികൾ, സീറ്റുകൾക്കും ലഗേജുകൾക്കും മുകളിൽ എലികൾ കയറുന്നു. ഇതിനു വേണ്ടിയാണോ ഞാൻ എസി 2 ക്ലാസിന് ഇത്രയധികം പണം നൽകിയത്?' വീഡിയോകൾ പങ്കുവച്ച് കൊണ്ട് പ്രശാന്ത് ചോദിക്കുന്നു.
എലിയെ കണ്ടയുടനെ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചെന്നും ട്രെയിനിലുണ്ടായിരുന്ന ജീവനക്കാരെത്തി ബോഗിയില്‍ കീടനാശിനി തളിച്ച് പോയി. എന്നാല്‍ എലികളെ പിടികൂടാനായി ഒന്നും ചെയ്തില്ലെന്നും രാത്രി മുഴുവനും ബോഗിയില്‍ എലിയുടെ മണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ടിക്കറ്റില്ലാതെ ഇവർക്കെങ്ങനെ ഇവിടെ കറങ്ങാൻ കഴിയും. അടുത്ത ബജറ്റിൽ എലി ടിക്കറ്റുകൾ അവതരിപ്പിക്കണം.' എന്നിങ്ങനെയുള്ള നിരവധി പരിഹാസ കമന്റുകൾ വരുന്നുണ്ട്. 'നിങ്ങളുടെ ടിക്കറ്റ് ആർഎസി ആയിരിക്കാം, നോക്കൂ. നിങ്ങൾ രണ്ടുപേരും സീറ്റ് പങ്കിടേണ്ടിവരും.' മറ്റൊരു കമന്റിങ്ങനെയായിരുന്നു. '2AC, 3AC എന്നിവയിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായി.'
"കോച്ചുകളിൽ എലികൾ പെരുകുന്നതിന് റെയിൽവേ മാത്രമല്ല ഉത്തരവാദി. യാത്രക്കാർക്ക് ഭക്ഷണവും ചായക്കപ്പുകളും ഭക്ഷണ പ്ലേറ്റുകളും കംപാർട്ടുമെന്റിൽ ഉപേക്ഷിക്കുന്നതും കാരണമാണ്.