ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ച താര പ്രസാദ് ആരാണ്; ഈ വീഡിയോ കണ്ടാൽ അറിയാം
Thursday, March 13, 2025 3:16 PM IST
സ്കേറ്റിംഗ് മത്സര രംഗത്തെ റാണിയാണ് താരാ പ്രസാദ്. ഇന്ത്യയെ പ്രതിനിധീകരിച്ച് കായികരംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഈ മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അടുത്തിടെ രംഗത്തെത്തിയിരുന്നു. ഈ അഭിനന്ദനം താരയെ കൂടുതൽ പ്രശസ്തയാക്കി.
തമിഴ്നാട്ടിൽ ജനിച്ച താരയുടെ കുടുംബം യുഎസിലേക്ക് താമസം മാറിയതോടെ താരയ്ക്ക് അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി യുഎസ് പൗരത്വം ഉപേക്ഷിച്ചിരുന്നു.
2024 ൽ റെയ്ക്ജാവിക് ഇന്റർനാഷണൽ, സ്കേറ്റ് സെൽജെ ഗെയിംസ് എന്നീ രണ്ട് മത്സരങ്ങളിൽ താര ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ നേടിയിരുന്നു. 2022, 2023, 2025 വർഷങ്ങളിൽ ഇന്ത്യൻ ദേശീയ ചാമ്പ്യൻഷിപ്പും താര നേടി. 2022, 2023 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഫോർ കോണ്ടിനെന്റ്സ് ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടുകളിൽ താര പ്രസാദ് വിജയകരമായി മത്സരിച്ചിരുന്നു.
താരയുടെ നേട്ടത്തിന് ആനന്ദ് മഹീന്ദ്ര ശക്തമായ പിന്തുണയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് എക്സിൽ അദ്ദേഹം താരയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. 25 വയസ്സുള്ള താരയുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി അവർ യുഎസ് പൗരത്വം ഉപേക്ഷിച്ചതിനെക്കുറിച്ചും അടുത്തിടെ വരെ തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
“ഒരു സുഹൃത്ത് അടുത്തിടെ എനിക്ക് ഈ ക്ലിപ്പ് അയച്ചുതരുന്നതുവരെ താര പ്രസാദിന്റെ നേട്ടങ്ങളെക്കുറിച്ച് കേട്ടിരുന്നില്ല. 2019 ൽ താര തന്റെ യുഎസ് പൗരത്വം വേണ്ടെന്നു വെയ്ക്കുകയും ഇന്ത്യൻ പൗരത്വത്തിലേക്ക് മാറുകയും ചെയ്തിരുന്നു. അതിനുശേഷം മൂന്ന് തവണ നമ്മുടെ ദേശീയ സ്കേറ്റിംഗ് ചാമ്പ്യയായി.”
2026 ൽ നടക്കാനിരിക്കുന്ന വിന്റർ ഒളിംപിക്സിൽ അവരുടെ വിജയത്തിനായി അദ്ദേഹം കാത്തിരിക്കുന്നുവെന്നും പറയുന്നു. “ശരി, താര. ശൈത്യകാല കായിക വിനോദങ്ങളിൽ ഇന്ത്യയ്ക്ക് ശ്രദ്ധേയമായ സാന്നിധ്യം നൽകുന്ന അത്ലറ്റുകളുടെ മുൻനിരയിൽ നിങ്ങൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വിന്റർ ഒളിമ്പിക്സിൽ നിങ്ങൾക്ക് ഒരു ഇടം നഷ്ടമായെന്ന് എനിക്കറിയാം, പക്ഷേ 2026 ലെ ഗെയിമിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ ഉറപ്പിച്ചിരിക്കുന്നു. ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും…. ആ സ്വപ്നത്തെ പിന്തുടരൂ…” എന്നും അദ്ദേഹം കുറിച്ചു.