ഇന്ത്യ സൂപ്പറാ... ഇഷ്ടപ്പെട്ടകാര്യങ്ങളെ അക്കമിട്ട് നിരത്തി അമേരിക്കൻ വനിത
Thursday, March 13, 2025 10:10 AM IST
നിനക്കീ സൗകര്യങ്ങളൊന്നും പോരെങ്കിൽ വല്ല അമേരിക്കയിലേക്കും പോക്കോ എന്നു താമശക്കെങ്കിലും പറയുന്നവരാണ് പലരും.കാരണം നമ്മുടെ ധാരണ ജീവിക്കാൻ എറ്റവും നല്ല സ്ഥലം അമേരിക്കയാണെന്നും സൗകര്യങ്ങൾക്കൊന്നും ഒരു കുറവുമില്ലാത്ത സ്ഥലവുമണെന്നൊക്കെയല്ലേ. എന്നാൽ അതു വെറും തെറ്റിധാരണ മാത്രമാണെന്നും അമേരിക്കയിൽ ലഭിക്കാത്ത പലതും ഇന്ത്യയിൽ ലഭ്യമാണെന്നും വ്യക്തമാക്കിക്കൊണ്ട് ഒരു അമേരിക്കൻ വനിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നാല് വർഷത്തോളമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റൻ ഫിഷർ എന്ന സ്ത്രീയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ ലഭ്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പത്ത് കാര്യങ്ങളെയാണ് അവർ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൽ ഐഡികളും യുപിഐയുമാണ് അവരുടെ പട്ടികയിൽ ആദ്യം. സൗകര്യപ്രദവും കുറഞ്ഞ നിരക്കിലുള്ളതുമായ ഇന്ത്യയിലെ ഓട്ടോറിക്ഷാ സേവനങ്ങളാണ് അടുത്തത്. മാത്രമല്ല, ഡോക്ടർമാരെ ലഭ്യമാകാനും മരുന്നുകൾ ലഭ്യമാകാനും ഇവിടെ എളുപ്പമാണെന്നതും അവർ പോസിറ്റീവായി പറയുന്നു.
ഡിജിറ്റൽ ഐഡികളും യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ വളരെ ലളിതമാണ്. പുറത്തു പോകുന്പോൾ എന്റെ ഫോൺ കൊണ്ടു പോയെ തീരു കാരണം അതുമാത്രം മതി. ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ലോകം മുഴുവൻ സ്വീകരിക്കേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു.
ഇന്ത്യയിൽ എല്ലായിടത്തും ഓട്ടോകളും റിക്ഷകളും ഉണ്ട്. അവ ചെലവുകുറഞ്ഞതും വേഗതയുള്ളതും ചുറ്റി സഞ്ചരിക്കാൻ വളരെ സൗകര്യപ്രദവുമായ മാർഗമാണ്. ഞാൻ എല്ലാ ദിവസവും റിക്ഷകൾ ഉപയോഗിക്കുന്നുണ്ട്. വാഹനമോടിക്കുന്നതിനെക്കുറിച്ചോ പാർക്കിംഗിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.
ഇന്ത്യയിൽ ഡോക്ടർമാരെ കണ്ടെത്താൻ വളരെ എളുപ്പമാണ്. മിക്കപ്പോഴും അപ്പോയിന്റ്മെന്റുകൾ ആവശ്യമില്ല, അമേരിക്കയിൽ, ഒരു ഡോക്ടറെ കാണാൻ ആഴ്ചകളോ മാസങ്ങളോ മുമ്പേ അപ്പോയിന്റ്മെന്റ് എടുക്കണം.
ഇന്ത്യയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താനും അവരെ ഒരു ജോലിക്ക് നിയമക്കാനും വളരെ എളുപ്പമാണ്. അമേരിക്കയിൽ, എന്തെങ്കിലും ചെയ്യണമെങ്കിൽ അത് സ്വയം ചെയ്യേണ്ടി വരും. കാരണം ആളുകളെ നിയമിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്.
ഇന്ത്യയിൽ ഇത്രയധികം വെജിറ്റേറിയൻ ഓപ്ഷനുകൾ ഉള്ളതും എന്നെ സന്തോഷിപ്പിക്കുന്നു. പല റെസ്റ്റോറന്റുകളിലും വെജിറ്റേറിയൻ മാത്രമേയുള്ളൂ, മറ്റുള്ളവയിൽ വെജിറ്റേറിയൻ ഓപ്ഷനുകളുണ്ട്. ഇത് അമേരിക്കയിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ഇന്ത്യയിൽ വന്നപ്പോഴാണ് ഒരു ആന്റിബയോട്ടിക്കിനൊപ്പം കഴിക്കാൻ ഒരു പ്രോബയോട്ടിക് ഡോക്ടർ നിർദ്ദേശിച്ചത്.
ഇന്ത്യയിൽ എവിടെയും ഏതൊരു വസ്തുവിന്റെയും പരമാവധി വിൽപ്പന വില എഴുതിയിട്ടുണ്ടാകും. എന്നാൽ അമേരിക്കയിൽ അങ്ങനെയില്ല. ഇഷ്ടമുള്ള വില ഈടാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും സൗകര്യപ്രദമായ കാര്യങ്ങളിൽ ഒന്നാണ് ഡെലിവറി ആപ്പുകൾ. മിനിറ്റുകൾക്കുള്ളിൽ വീട്ടിലേക്ക് എന്തും എത്തിക്കുന്ന ഡസൻ കണക്കിന് ആപ്പുകൾ ഉണ്ട്.
എന്തായാലും അമേരിക്കൻ യുവതിയുടെ ഈ അഭിനന്ദന കുറിപ്പിനെ അഭിനന്ദിച്ച് നിരവധിപ്പേരെത്തി. "നയതന്ത്രജ്ഞരെക്കാൾ മികച്ചതായി നിങ്ങൾ ഇന്ത്യയെ അവതരിപ്പിച്ചിരിക്കുന്നു'എന്നാണ് ഒരാൾ എഴുതിയത്.' "ഇന്ത്യയിൽ ഞങ്ങൾ നിസാരമായി കാണുന്ന ഈ രത്നങ്ങളെ നിങ്ങൾ അഭിനന്ദിക്കുന്നതിൽ സന്തോഷം' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.