പെട്രോൾ അടിച്ചതോടെ ഓടാതെ വണ്ടികൾ; ടാങ്കിൽ നിറച്ചത് വെള്ളം
Wednesday, March 12, 2025 10:49 AM IST
ചേട്ടാ, ഫുൾ ടാങ്ക് അടിച്ചോ പൂനെയിലെ ഒരു പെട്രൾ പന്പിൽ കയറി ഇങ്ങനെ പറഞ്ഞ് പെട്രോൾ അടിച്ച് പുറത്തിറങ്ങി ഒരു കിലോമീറ്റർ പോലും ഓടിയെത്തുന്നതിനു മുന്‍പ് വണ്ടി നിന്നു പോയി. അയ്യോ ഇതെന്തുപറ്റി ഇപ്പോൾ ഫുൾ ടാങ്ക് അടിച്ചതല്ലേ. പെട്രോൾ ടാങ്ക് തുറന്നു നോക്കുന്പോ ടാങ്കിൽ നിറയെ എണ്ണ. പിന്നെ ഇതെന്തുപറ്റി? ഇത്രയും നേരം ഓടിച്ച വണ്ടിയല്ലേ ഇങ്ങനെ കൺഫ്യൂക്ഷനടിച്ചിരിക്കുന്പോൾ പുറകേ വരുന്നവരുടെയൊക്കെ വണ്ടി ഓഫായിപോകുന്നു.
പരിശോധനയില്‍ കണ്ടെത്തിയത്, പമ്പില്‍ നിന്നും അടിച്ച പെട്രോളില്‍ 80 ശതമാനവും വെള്ളമായിരുന്നുവെന്നാണ്. പൂനെയിലെ പ്രദേശിക ചാനലായ സാം ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പിംപ്രി - ചിഞ്ച്വാഡിലെ ഷാഹുനഗറിലെ ഒരു പെട്രോൾ പമ്പിലാണ് 80 ശതമാനം വെള്ളം കലർത്തിയ പെട്രോൾ വിതരണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫുൾ ടാങ്ക് അടിക്കാതെ ഒന്നോ രണ്ടോ ലിറ്റർ മാത്രം ഇന്ധനം നിറച്ചവർക്കും പണി കിട്ടി.
എഞ്ചിൻ തകരാർ അനുഭവപ്പെട്ടതോടെ സംശയം തോന്നിയ ചിലർ അവരുടെ ഇന്ധന ടാങ്കുകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ആളുകൾ പെട്രോൾ പമ്പിന് മുന്നിലെത്തി ഇരുചക്രവാഹനങ്ങളിലെ പെട്രോൾ പമ്പിന് മുമ്പില്‍ മറിക്കുന്നതും വീഡിയോയിൽ കാണാം.