ഒരു ഫോൺ വന്നു പിന്നെയൊന്നും ഓർമ്മയില്ല... കുഞ്ഞിനെയെടുത്ത് പുറകേ ഓടി വൃദ്ധൻ
Tuesday, March 11, 2025 3:54 PM IST
ഫോൺ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലെന്നും അറിയില്ലെന്നും പറയാറുണ്ട്. ചിലർ ഫോണിൽ സംസാരിച്ച് അങ്ങു പോകും കൂടെയുള്ളവരെ ശ്രദ്ധിക്കുകയോ അവർ പറയുന്നതു കേൾക്കുകയോ ചെയ്യാത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇവിടെ ഒരമ്മ ഫോൺ വിളിച്ചു തന്റെ കുഞ്ഞിനെ പാർക്കിൽ വെച്ചു മറന്നു പോകുന്നതാണ് വീഡിയോ. എന്തായാലും സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.
ഒരു സ്ത്രീ ഫോണിൽ സംസാരിച്ചു കൊണ്ട് പാർക്കിലൂടെ നടക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ആ സ്ത്രീ വേഗത്തിൽ നടക്കുകയാണ്. സ്ത്രീക്കു പിന്നാലെ ഒരു വൃദ്ധൻ കൈകളിൽ ഒരു കുട്ടിയുമായി അവളുടെ പിന്നാലെ ഓടുന്നതു കാണാം. ഇതൊന്നും ശ്രദ്ധിക്കാതെ നടക്കുന്ന സ്ത്രീയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അയാൾ അലറി വിളിക്കുന്നുണ്ട്.
ഒടുവിൽ ആ വൃദ്ധന്റെ ശ്രമം ഫലം കണ്ടു. ആ സ്ത്രീ തിരിഞ്ഞു നോക്കുന്നതും അയാളുടെ അടുക്കലേക്ക് ഓടുന്നതും കാണാം. ഓടിയെത്തുന്ന സ്ത്രീയുടെ കൈകളിലേക്ക് ആ വൃദ്ധൻ ആ കുട്ടിയെ കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതെല്ലാം കണ്ടുകൊണ്ടു നിൽക്കുന്ന നിരവധിയാളുകളെയും കാണാം.
ഇൻസ്റ്റാഗ്രാം, എക്സ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വൈറൽ വീഡിയോയ്ക്ക് നിരവധി കമന്റുകളും വ്യത്യസ്ത അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. "ഹാപ്പി വനിതാ ദിനാശംസകൾ,'എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
ഫോൺഹുഡ് മാതൃത്വത്തെ മറികടന്നു, എന്നായിരുന്നു പരിഹാസത്തോടെയുള്ള ഒരു കമന്റ്. അവൾക്ക് എങ്ങനെ തന്റെ കുഞ്ഞിനെ മറക്കാൻ കഴിയും? അവൾ അത് മനഃപൂർവ്വം ചെയ്തതായിരിക്കാം, പക്ഷേ പിടിക്കപ്പെടുകയും മറന്നതായി നടിക്കുകയും ചെയ്തു !! എന്നു അഭിപ്രായപ്പെട്ടവരമുണ്ടായിരുന്നു. ഈ രംഗം തിരക്കഥയായിരിക്കാമെന്ന് ചിലർ സംശയിച്ചു.