ഇപ്പോ എന്താ സംഭവിച്ചേ... തലയിപ്പോൾ പോയേനെ
Tuesday, March 11, 2025 1:29 PM IST
ലഹരി ഉപയോഗിച്ച് ഓരോരുത്തരും കാട്ടിക്കൂട്ടുന്നതു കണ്ടാൽ മൂക്കത്തു വിരൽ വെച്ചു പോകും. ബോധം പോകാനാണ് ലഹരി കഴിക്കുന്നതെന്നും. ലഹരി കഴിച്ച് ബോധം പോയില്ലെങ്കിൽ പിന്നെന്തു കാര്യം എന്നു ചിന്തിക്കുന്നവരുമുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വീഡിയോയിൽ ബോധം മാത്രമല്ല തല പോലും പോയേനെയെന്നാണ് പറയുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന വീഡിയോ. പെറുവിലെ പ്രാദേശിക അധികാരികൾ സംഭവം സ്ഥിരീകരിച്ചെന്നാണ് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. aljazeeraenglish എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ റോഡില്‍ ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നതാണ് ആദ്യം കാണുന്നത്. അതിനടുത്ത് ഒരു റെയിൽവേ ട്രാക്കാണ്. ആ റെയില്‍വേ ട്രാക്കില്‍ തലവച്ച്, കൈകൾ രണ്ടും നെഞ്ചില്‍ വെച്ച് ഒരാൾ സുഖമായി ഉറങ്ങുകയാണ്.
നിമിഷത്തിനുള്ളില്‍ ഒരു ഗുഡ്സ് ട്രെയിൻ വരുന്നതു കാണാം. പതുക്കെ വന്ന ട്രെയിൻ ട്രാക്കില്‍ തലവച്ച് കിടക്കുന്നയാളെ കടന്ന് പോവുകയും ചെയ്തു. കാണുന്നവർ അയ്യോയെന്നു വെച്ചു പോകും.
പക്ഷേ, ട്രെയിൻ കടന്നു പോയിക്കഴിയുന്പോൾ അപകടത്തിന്റെ ദൃശ്യത്തിനു പകരം അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെയാണ് കാണുന്നത്. യുവാവ് റെയിൽവേ ട്രാക്കിൽ നിന്നും ഉരുണ്ട് താഴേക്കു വീഴുകയും ഇപ്പോ എന്താ സംഭവിച്ചേ എന്ന് അത്ഭുതപ്പെട്ട് എഴുന്നേൽക്കുന്നതും കാണാം.