ഒരു ജ്യോമട്രി ബോക്സ്, വാട്ടർ ബോട്ടിൽ, ബെഞ്ച് ; ക്ലാസ് റൂമിലെ മിനി കച്ചേരി വൈറൽ
Monday, March 10, 2025 3:45 PM IST
ഒരു ജ്യോമട്രി ബോക്സ്, ഒരു ബെഞ്ച്, ഒരു വാട്ടർ ബോട്ടിൽ ഇത്രയും ഉപയോഗിച്ച് മനോഹരമായ ഒരുക്കിയ ഒരു കച്ചേരി സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്. പൂനെയിലെ ഒരു സ്കൂൾ വിദ്യാർഥികളാണ് ഈ കച്ചേരിക്കു പിന്നിൽ.
projectasmi_pune എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ ഇതിനകം 30 ദശലക്ഷത്തിലേറെപ്പേർ കണ്ടു കഴിഞ്ഞു. സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ഒരു ജ്യോമട്രി ബോക്സ്, ഒരു ബെഞ്ച്, ഒരു വാട്ടർ ബോട്ടിൽ എന്നിവ മാത്രം ഉപയോഗിച്ച് അതിശയകരമായ ഡ്രം ബീറ്റുകൾ സൃഷ്ടിച്ചു കൊണ്ടാണ് അവരുടെ ക്ലാസ് മുറിയിൽ ഒരു മിനി കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികൾ ഈ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന താളങ്ങളും മേളങ്ങളും വളരെ ഊർജ്ജസ്വലമാണ്, സോഷ്യൽ മീഡിയ അവരുടെ കഴിവുകളെയും സർഗ്ഗാത്മകതയെയും പുകഴ്ത്തുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ അധ്യാപകരും മിനി-കച്ചേരി ആസ്വദിക്കുകയും കുട്ടികളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.