റോപ്പ് ഒന്നും കിട്ടിയില്ല; കിട്ടിയ പാന്പിനെയും കൊണ്ട് സ്കിപ്പിംഗ് ചെയ്ത് കുട്ടികൾ
Monday, March 10, 2025 2:53 PM IST
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പല സംഭവങ്ങൾക്കും ആലോചിച്ചു നോക്കുന്പോൾ ഒരു ലോജിക്കുമില്ലെന്നു തോന്നും. ചിലതു കാണുന്പോൾ അയ്യോ എന്നും അയ്യേ എന്നുമൊക്കെ പറഞ്ഞു പോകും. അത്തരത്തിലൊരു വീഡിയോയാണിതും.
ഏതാനും കുട്ടികൾ സ്കിപ്പിംഗ് ചെയ്യുന്നതും സ്കിപ്പിംഗിനുപയോഗിക്കുന്ന സാധനവുമാണ് എല്ലാവരെയും അന്പരിപ്പിക്കുന്നത്. കാരണം ഈ കുട്ടികൾ സ്കിപ്പിംഗ് റോപ്പിനു പകരം പാന്പിനെ പിടിച്ചാണ് സ്കിപ്പിംഗ് ചെയ്യുന്നത്.
ചില മുതിർന്ന ആളുകൾ നോക്കി നൽക്കുന്പോൾ തന്നെയാണ് കുട്ടികളുടെ ചാട്ടം. ഓസ്ട്രേലിയയിലെ സെൻട്രൽ ക്വീൻസ്ലാന്റിൽ നിന്നും അൽപ്പം അകലെയുള്ള പട്ടണമായ വൂരാബിൻഡയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുന്ന സ്ത്രീ 'അതെന്താണ് എന്ന് നോക്കട്ടെ' എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, കുട്ടികൾ ചിരിച്ചു കൊണ്ട് സ്കിപ്പിംഗ് തുടരുകയാണ്. രണ്ട് കുട്ടികൾ പാമ്പിന്റെ അപ്പുറവും ഇപ്പുറവുമായി പിടിച്ചുകൊണ്ടാണ് മറ്റൊരു കുട്ടി അതിന് മുകളിലൂടെ ചാടുന്നത്.
എന്തായാലും ചത്ത പാമ്പിനെ വച്ചാണ് കുട്ടികൾ ചാടുന്നത്. എന്നാൽ, കുട്ടികൾ എടുക്കും മുമ്പ് അത് ചത്തതാണോ അതോ ചത്തതിന് ശേഷമാണോ കുട്ടികൾ പാമ്പിനെ എടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്ലൗൺ ഡൗൺ അണ്ടർ എന്ന എക്സ്പ്ലാറ്റ്ഫോമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡിപാർട്മെന്റ് ഓഫ് എൻവയോൺമെന്റ്, ടൂറിസം, സയൻസ് ആൻഡ് ഇന്നവേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡിപാർട്മെന്റ് വക്താവ് പറഞ്ഞത്. വീഡിയോയിൽ ഉള്ളത് ബ്ലാക്ക് ഹെഡഡ് പൈത്തോൺ ആണ് എന്നാണ് സൂചന. 1992 -ലെ ക്വീൻസ്ലാൻഡ് പ്രകൃതി സംരക്ഷണ നിയമപ്രകാരം ഈ പെരുമ്പാമ്പുകൾ സംരക്ഷക്കേണ്ട ഇനമാണ്.