ഉച്ചയൂണു കഴിഞ്ഞൊരു മയക്കം; ഗൂഗിളിൽ ഒരു ജോലി കിട്ടാൻ വഴിയുണ്ടോയെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ
Monday, March 10, 2025 11:19 AM IST
ഗൂഗിളിന്റെ ഓഫീസിൽ ഒരു ജോലി കിട്ടുക എന്നുള്ളത് ആളുകളുടെ ഒരു സ്വപ്നമാണല്ലേ. ജോലി കിട്ടിയില്ലെങ്കിലും ഗൂഗിളിലെ ജോലി എങ്ങനെ, ജോലിക്കാർക്കുള്ള സൗകര്യങ്ങൾ എന്തെല്ലാം എന്നറിഞ്ഞാലും മതിയെന്നാഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു വീഡിയോ. ഗൂഗിളിന്റെ ഗരുഗ്രാമിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗൂഗിളിന്റെ ഓഫീസുകൾ അസാധാരണമായ പ്രവർത്തന രീതികൊണ്ട് എന്നും പ്രശസ്തമാണ്.
ശാന്തനു ആൻഡ് നിഖിൽ കന്പനിയിലെ ഡിസൈനറായ ശിവാംഗി ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞാൻ ഇന്നു നിങ്ങളെ പരിചയപ്പെടുത്തുന്നത് ഗൂഗിളിന്റെ ഓഫീസാണെന്നു പറഞ്ഞായിരുന്നു വീഡിയോയുടെ തുടക്കം. ഗുരുഗ്രാം ഓഫീസിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയെ ആകർഷിക്കുകയും അൽപ്പം അസൂയപ്പെടുത്തുകയും ചെയ്തു.
"ഞാൻ രാവിലെ 9:20 ന് എത്തി, നേരെ മൈക്രോ കിച്ചണിലേക്ക് പോയി. "എന്റെ കേബിൾ കൊണ്ടുവരാൻ മറന്നു, അതിനാൽ ടെക് വെൻഡിംഗ് മെഷീനിലേക്ക് പോയി. അടുത്തതായി രാവിലത്തെ കാപ്പി വേഗത്തിൽ എടുക്കയാണ് ചെയ്തത്. ചെയ്യാനുള്ള പ്രോജക്റ്റുകളെക്കുറിച്ച് ആലോചിക്കുന്നതിനായി ഞാൻ ഗെയിംസ് റൂമിലേക്ക് പോയി. എന്റെ ഇമെയിലുകൾ പരിശോധിക്കാൻ ഒരു ഒഴിഞ്ഞ മുറി ഞാൻ കണ്ടെത്തി.'
പിന്നീട് ഉച്ചഭക്ഷണ സമയത്തെ ദൃശ്യങ്ങളാണ് കാണിക്കുന്നത്. വിവധ ഭക്ഷ്യവിഭവങ്ങൾ കാണാം. ഭക്ഷണത്തെക്കുറിച്ച് വേറെ വീഡിയോ ചെയ്യേണ്ടി വരും. ഉച്ചഭക്ഷണത്തെക്കാൾ എന്നെ ആകർഷിച്ചത് മറ്റൊന്നാണ്. ഭക്ഷണത്തിന് ശേഷമുള്ള ഉച്ചമയക്കമാണ്. ഞാൻ എടുത്ത ഉറക്കത്തെ മറികടക്കാൻ ഒന്നിനും കഴിയില്ല. ഞാൻ ഉന്മേഷത്തോടെ ഉണർന്നു. നോക്കിത്തീർക്കാത്ത ഇമെയിലുകളിലേക്ക് മടങ്ങിയെന്നും ശിവാംഗി പറയുന്നു.
"ഒടുവിൽ, വളരെ വിശ്രമകരമായ ഒരു അവസ്ഥയിലാണ് എന്റെ ദിവസം അവസാനിപ്പിച്ചത്. (ശിവാംഗി ഒരു മസാജ് ചെയറിൽ സുഖമായി ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്). നാളെ ഓഫീസിലേക്ക് വരാൻ എനിക്ക് കാത്തിരിക്കാനാവില്ല എന്നു കൂടി പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.
സ്റ്റോക്ക് ചെയ്ത മൈക്രോ-കിച്ചൺ മുതൽ പൂൾ ടേബിളുള്ള ഗെയിംസ് റൂം വരെ, യഥാർത്ഥത്തിൽ ഒരു ജോലിസ്ഥലം എന്നതിലുപരി ഒരു ആഡംബര വിശ്രമ കേന്ദ്രം പോലെയായാണ് വീഡിയോയിൽ കാണിക്കുന്നത്. ഓൺലൈനിൽ അപ്ലോഡ് ചെയ്ത വീഡിയോ 13 ദശലക്ഷത്തിലധികം പേർ കണ്ടു.
"ഇത്നാ ഫൺ തോ മൈ ട്രിപ്പ് പർ നഹി കർ പാറ്റ (എന്റെ യാത്രകളിൽ ഞാൻ ഒരിക്കലും ഇത്രയും ആനന്ദം അനുഭവിച്ചിട്ടില്ല)," എന്നായിരുന്നു ഒരു കമന്റ്. "ഇത് ഒരു സ്വപ്ന സ്ഥലം പോലെ തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. "എനിക്ക് ഗൂഗിളിൽ പോകണം' എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.