അവധി ആഘോഷം അൽപ്പം അതിരുകടന്നോ? പട്ടായ ബീച്ചിൽ മദ്യപിച്ച് മയങ്ങുന്നവർ ഇന്ത്യക്കാരാണെന്നു ആക്ഷേപം
Friday, March 7, 2025 12:04 PM IST
വിനോദയാത്ര പോകുന്നത് ടെൻഷനും സമ്മർദ്ദങ്ങളുമൊക്കെ മറന്ന് ഒന്നു ആസ്വദിക്കാനും അൽപ്പം ആശ്വാസം കണ്ടെത്താനുമൊക്കെയാണല്ലേ. അപ്പോൾചിലരൊക്കെ അൽപ്പം മദ്യപിക്കും. പക്ഷേ, അത് അതിരുവിട്ടാൽ പണിയാകും. തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയ ഒരു സംഘമാണ് ഇങ്ങനെ പണി മേടിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ളവരെന്ന് ആരോപിക്കപ്പെടുന്ന വിനോദസഞ്ചാരികൾ തായ്ലൻഡിലെ ഒരു കടൽത്തീരത്ത് നൃത്തം ചെയ്യുകയും മദ്യപിക്കുകയും ഉറങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അത് പ്രതിഷേധത്തിനും കാരണമായി.
"തായ് എക്സ്പ്ലോർ ലൈഫ്" എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഏകദേശം എട്ട് ദശലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
പട്ടായയിലെ ഒരു ബീച്ചിൽ നിന്നുമെടുത്തിരിക്കുന്ന വീഡിയോയിൽ, ബീച്ചിലുടനീളം ചിതറിക്കിടക്കുന്ന പുരുഷന്മാരുടെ സംഘങ്ങളെ കാണാം.
പുരുഷന്മാരിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് തോന്നുന്നു. അവരിൽ ചിലർ മണലിൽ വിരിച്ച ബെഡ്ഷീറ്റുകളിലും ടവ്വലുകളിലും ഉറങ്ങുന്നുണ്ട്. മറ്റു ചിലർ പൊതുസ്ഥലത്ത് മദ്യക്കുപ്പികളുമായാണ് കിടക്കുന്നത്.
ബീച്ചിന്റെ പല ഭാഗങ്ങളിലും മാലിന്യം ചിതറിക്കിടക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ലഘുഭക്ഷണ പാക്കറ്റുകൾ മുതൽ ബിയർ ടിന്നുകൾ വരെ ചിതറിക്കിടക്കുന്നു. ഇന്ത്യക്കാരാണെന്നുള്ള ധാരണയിലാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ പൗരബോധത്തിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് സൂചിപ്പിക്കുന്ന ഒന്നും വീഡിയോയിൽ ഇല്ല.
"ഞാൻ ഒരു ഇന്ത്യക്കാരനാണ്, നമ്മുടെ ചില ആളുകൾ പാസ്പോർട്ടിന് അർഹരല്ല. ആളുകൾക്ക് പാസ്പോർട്ട് കൈമാറുന്നതിന് മുമ്പ് ഒരു പൗരബോധ പരീക്ഷ നടത്തണം," പോസ്റ്റിന് കീഴിലുള്ള ഒരു കമന്റിങ്ങനെയാണ്. "ഇന്ത്യക്കാർ പട്ടായയെ ഇന്ത്യയെപ്പോലെയാക്കുന്നു എന്നു പറഞ്ഞവരും നിരവധിയാണ്.
“തവിട്ടുനിറത്തിലുള്ള എല്ലാ മനുഷ്യരും ഇന്ത്യക്കാരല്ലെന്നായിരുന്നു” ഒരു ഇൻസ്റ്റാഗ്രാം കമന്റ്. “അവിടെ ഇരിക്കുന്ന ഓരോരുത്തരോടും നിങ്ങൾ ഇന്ത്യക്കാരാണെന്ന് ചോദിച്ചോ? എങ്ങനെയാണ് നിങ്ങൾ ഈ നിഗമനത്തിലെത്തിയത്? എനിക്കറിയണം,” എന്നായിരുന്നു വീഡിയോ കണ്ട മറ്റൊരാളുടെ കമന്റ്.