സ്വിസ് ആൽപ്സിലൂടെ സ്നോബോർഡിൽ ഒഴുകി നീന്തുന്ന ഇന്ത്യൻ വധു; ബോംബെമാമിയുടെ വീഡിയോ വൈറൽ
Wednesday, March 5, 2025 1:48 PM IST
ഇന്ത്യൻ വധുവിനെപ്പോലെ ചുവന്ന ലെഹംഗയണിഞ്ഞ് സുന്ദരിയായൊരു സ്ത്രീ മഞ്ഞു വീണു കിടക്കുന്ന സ്വിസ് ആൽപ്സിനു മുകളിലൂടെ സ്നോബോർഡിംഗ് നടത്തുന്നത് ഒന്നാലിചിച്ചു നോക്കൂ. അങ്ങനെ ഒരു വീഡിയോ കണ്ട് ആശ്ചര്യപ്പെടുകയാണ് സോഷ്യൽ മീഡിയ.
ഇന്തോ-സ്വിസ് സംഗീതജ്ഞയായ ബോംബെമാമിയാണ് ഈ വൈറൽ വീഡിയോയിൽ. ഇന്ത്യൻ വധുവിനെപ്പോലെ കടും ചുവപ്പു നിറമുള്ള ലെഹങ്കയും ദുപ്പട്ടയുമൊക്കെ ധരിച്ച് മേക്കപ്പും ചെയ്ത് സ്വിസ് ആൽപ്സിൽ സ്നോബോർഡിംഗ് നടത്തുന്ന വീഡിയോയാണ് ബോംബെമാമി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പകുതി ഇന്ത്യക്കാരിയും പകുതി സ്വിസ് സ്വദേശിയുമായ ഗായിക തന്റെ സാംസ്കാരിക വേരുകളെ ആദരിക്കുന്നതിനായുള്ള ഒരു ഫ്യൂഷൻ മ്യൂസിക് വീഡിയോയാണ് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ വരാനിരിക്കുന്ന തന്റെ ആൽബമായ ഫയറിന്റെ ഷൂട്ടിംഗിനിടെയാണ് ഇന്ത്യൻ വധുവിന്റെ രൂപവും ആൽപ്സിന്റെ പശ്ചാത്തലവുമായി കലർത്തി ഒരു സംഗീത വീഡിയോ അവതരിപ്പിച്ചത്.
വീഡിയോയിൽ, ബോംബെമാമി മഞ്ഞുമൂടിയ മലനിരയിലൂടെ അനായാസം ഒഴുകി സഞ്ചരിക്കുന്നുത് വീഡിയോയിൽ കാണാം. അവർ സഞ്ചരിക്കുന്നതിനൊപ്പം ദുപ്പട്ട നാടകീയമായ രീതിയിൽ ഒഴുകി നടക്കുന്നതും കാണാം.
മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയിൽ അസാധാരണവും എന്നാൽ മനോഹരവുമായ ഒരു രംഗമാണ് ഇത് സൃഷ്ടിക്കുന്നത്. എന്തായാലും വീഡിയോ 3.2 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരും ലൈക്കുകളും 3,000 ലധികം കമന്റുകളുമായി സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കുകയാണ്.
അവരുടെ നിർഭയമായ സ്റ്റൈലും പാറിപ്പറക്കുന്ന മുടിയും കാഴ്ച്ചക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയ്ക്ക് കമന്റുമായി നിരവധി പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ഗായകൻ സിദ് ശ്രീറാം "ക്രേസി' എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ഹാസ്യനടൻ അസിം സിയും വീഡിയോ കണ്ട് അത്ഭുതപ്പെട്ടു, അദ്ദേഹം "വൗ" എന്ന് കമന്റ് ചെയ്തു. നിരവധിയാളുകളുടെ സംശയം ഇതെങ്ങനെ എന്നുള്ളതായിരുന്നു.
"എങ്ങനെ? നിങ്ങൾ ഒരു ലെഹംഗയിൽ സ്നോബോർഡിംഗ് ചെയ്യുകയും അതിന്റെ പൂർണ്ണ ഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു? എന്നു ചോദിക്കുന്നവരും , ഏത് ക്യാമറയും ഉപകരണങ്ങളുമാണ് നിങ്ങളെ പിന്തുടർന്നതെന്നു ചോദിക്കുന്നവരും നിരവധിയാണ്.
"ദൃശ്യങ്ങളും സ്നോബോർഡിംഗ് കഴിവുകളും ഇഷ്ടപ്പെടുന്നു!! ക്യാമറ വർക്കിനെയും അഭിനന്ദിക്കണം! എന്നായിരുന്നു ഒരാളുടെകമന്റ്. ബോംബെമാമി ഇൻസ്റ്റാഗ്രാമിൽ വീഡിയോയ്ക്ക് പിന്നിലെ രസകരമായ നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്.