പുതിയ വീട്ടിലേക്ക് താമസം മാറുന്നു... വിശിഷ്ടാതിഥി പശു യുഎസിലെ ഇന്ത്യൻ വംശജരുടെ ഗൃഹപ്രവേശനം വൈറൽ
Tuesday, March 4, 2025 4:01 PM IST
പുതിയ വീട്ടീലേക്ക് താമസം മാറുന്പോൾ ഓരോ നാട്ടിലും ഓരോ സമൂഹങ്ങൾക്കിടയിലും പല പല ആചാരങ്ങളുണ്ട്. ചില ആചാരങ്ങൾ കാണുന്പോൾ കൊള്ളാമല്ലോ എന്നു തോന്നും.ചിലത് കാണുന്പോഴാകട്ടെ അയ്യേ ഇതൊക്കെ എന്ത് ആചാരമെന്ന് മൂക്കത്ത് വിരലു വെച്ചും പോകും.
എന്തായാലും അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലുള്ള ഒരു ഇന്ത്യൻ വംശജ കുടുംബം പുതിയ വീട്ടിലേക്ക് കയറുന്പോൾകൂടെയുണ്ടായിരുന്ന ആളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പാരന്പര്യങ്ങളൊക്കെ വേഗത്തിൽ മറക്കുകയും ട്രെൻഡിനനുസരിച്ച് നീങ്ങുന്നതുമാണിപ്പോഴത്തെ രീതി. എന്നാൽ ഈ ഇന്ത്യൻ വംശജർക്ക് പാരന്പര്യം അങ്ങനെയങ്ങു മറക്കാൻ സാധിച്ചില്ല. അതുകൊണ്ട് ഗൃഹപ്രവേശന ചടങ്ങുകൾക്ക് ഇവരൊരു പശുവിനെക്കൂടി കൂട്ടി. എന്തായാലും സംഭവം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.
ഗൃഹപ്രവേശനത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ കുടുംബത്തിനൊപ്പം ബാഹുല എന്ന പശുവും പങ്കെടുക്കുന്നതാണ് വീഡിയോയിൽ. പരമ്പരാഗത വസ്ത്രം ധരിച്ച കുടുംബാംഗങ്ങൾ ബാഹുലയെ കൂപ്പുകൈകളോടെയാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. പുറത്ത് തുണിയും നെറ്റിയിൽ ചുവന്ന പൊട്ട് തൊട്ടുമൊക്കെയാണ് പശു വരുന്നത്. "bayareacows' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് ആനയിച്ച ശേഷം ഒരു പാത്രത്തിൽ ഭക്ഷണവും പശുവിനു നൽകുന്നുണ്ട്. പശുവിന് ആരതിയുഴിയുന്നതും വീഡിയോയിൽകാണാം.
കുടുംബത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണെത്തിയിരിക്കുന്നത്. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ശ്രദ്ധേയമായ സംയോജനമായാണ് കുടുംബത്തിന്റെ ശ്രമത്തെ പലരും പ്രശംസിച്ചത്, ഒരാൾ എവിടെ ജീവിച്ചാലും സാംസ്കാരിക മൂല്യങ്ങൾ സജീവമായി നിലനിൽക്കുന്നുവെന്ന് ഇത് തെളിയിച്ചുവെന്നായിരുന്നു ഒരു കമന്റ്.
മറ്റൊരാൾ "കൊള്ളാം സുഹൃത്തുക്കളേ. വിദേശ മണ്ണിൽ നിങ്ങൾ ഇപ്പോഴും ഹിന്ദു പാരമ്പര്യങ്ങൾ നിലനിർത്തുന്നു. നന്ദി. ദക്ഷിണേന്ത്യയിൽ, ഗൃഹപ്രവേശന ചടങ്ങുകളിൽ പശുവിനെ കൊണ്ടുവരുന്നത് സാധാരണമാണ്, കാരണം അത് ഭാഗ്യം കൊണ്ടുവരും.' എന്നാണ് പറഞ്ഞത്. "ഇത് വളരെ ഗംഭീരമാണ്" എന്ന് കുടുംബത്തെ പ്രശംസിച്ചവരും നിരവധിയാണ്.