ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നം... ഈ ഫോട്ടോ എന്നെന്നും സ്പെഷ്യലാണ്
Tuesday, March 4, 2025 9:50 AM IST
രണ്ടു പേര് അൽപ്പ സമയം ഒരുമിച്ചിരുന്നാൽ, ഒരുമിച്ചൊരു ചായകുടിക്കാൻ പോയാൽ ഒരു സെൽഫി മസ്റ്റാണ്. പ്രിയപ്പെട്ടവരോടൊപ്പം ഒരു ഫോട്ടോ പോലുമില്ലാത്ത കാര്യം ഇക്കാലത്ത് ചിന്തിക്കാനേ പറ്റില്ലല്ലേ.
എന്നാൽ, ഒരുമിച്ചൊരു ഫോട്ടോ പോലുമില്ലാത്തവരും ഇന്നത്തെ കാലത്തുണ്ടന്നേ. അങ്ങനെ രണ്ടു പേരുടെ ഹൃദയം കവരുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ ജീവിതം മാറ്റി മറിക്കുന്നത് ഒരു ഫോട്ടോഗ്രാഫറാണ്.
ആകാശ് ഉപാധ്യായ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയൊടൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പിതാണ് "ചിലപ്പോൾ നമ്മൾ നിസാരമായി കാണുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ സ്വപ്നമാണ്'. ഈ ദന്പതികൾ ഒരിക്കലും യാഥാർഥ്യമാകുമെന്ന് കരുതിയിട്ടില്ലാത്ത ഒരു സ്വപ്നം. അവർ ഒരുമിച്ചുള്ള ഒരു ഫോട്ടോ അത് യാഥാർഥ്യമായിരിക്കുന്നു.
സൈക്കിളിൽ വരുന്ന ഇരുവരെയും സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ അഭ്യർഥിക്കുന്നതാണ് വീഡിയോ. ലജ്ജയോടെയാണെങ്കിലും കൗതുകത്തോടെ, അവർ സമ്മതിക്കുന്നു.
ഫോട്ടോഗ്രാഫർ വളരെ സൗഹൃദപരമായി അവരെ വ്യത്യസ്ത പോസുകളിൽ നിർത്തുകയാണ്. തങ്ങളുടെ വസ്ത്രങ്ങൾ മനോഹരമല്ലെന്നും മറ്റും അവർ പറയുന്നുണ്ട്. എന്നാൽ, നിങ്ങൾ എങ്ങനെയാണോ അത് പെർഫക്റ്റാണെന്നും മനോഹരമാണെന്നുമാണ് ഫോട്ടോഗ്രാഫറുടെ മറുപടി.
ഫോട്ടോകൾ എടുത്തുകഴിഞ്ഞ ശേഷമുള്ള ഫോട്ടോഗ്രാഫറും ദന്പതികളും തമ്മിലുള്ള സംസാരമാണ് ഏറ്റവും ഹൃദ്യം. അവസാനമായി നിങ്ങൾ ഒരുമിച്ചൊരു ഫോട്ടോ എടുത്തതെന്നായിരുന്നു എന്നാണ് ഫോട്ടോഗ്രാഫർ ചോദിച്ചത്.
ഇതുവരെ ഒരു ചിത്രം പോലും എടുത്തിട്ടില്ലെന്നുള്ള അവരുടെ മറുപടിയിൽ എല്ലാവരും അൽപ്പ സമയം നിശബ്ദരാകുന്നു. ആ നിശബ്ദതയ്ക്ക് അവരുടെ അത്രയും നാളത്തെ ആഗ്രഹത്തിന്റെ ആഴമുണ്ട്.
ഫോട്ടോഗ്രാഫർ അവർക്ക് ഫോട്ടോയുടെ പകർപ്പ് നൽകുന്പോൾ അത് അത്ഭുതത്തോടെ നോക്കുന്ന ദന്പതികളെയും വീഡിയോയിൽ കാണാം. ഫോട്ടോ കയ്യിൽ കിട്ടുന്പോൾ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ കാര്യം സംഭവിച്ചതിലുള്ള ആഹ്ലാദത്തിലേക്കാണ് ഇരുവരും എത്തുന്നത്.
""ഇതിനു മുന്പൊരിക്കലും ഞങ്ങളുടെ ചിത്രം ആരും പകർത്തിയിട്ടില്ല. "ഒരു ദിവസം, ഞങ്ങൾ പോയിക്കഴിഞ്ഞാൽ, ഞങ്ങളുടെ കുട്ടികൾ ഈ ചിത്രം നോക്കി, 'ഇവർ ഞങ്ങളുടെ മാതാപിതാക്കളായിരുന്നു' എന്ന് പറയും.' എന്നായിരുന്നു അവരുടെ പ്രതികരണം.
ആകാശ് ഉപാധ്യായയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടായ ‘akki_bhakki’ യിലാണ് ഹൃദയസ്പർശിയായ വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്. വെറും അഞ്ച് ദിവസത്തിനുള്ളിൽ, ഇത് 4.2 ദശലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കണ്ട് പലരും ഇത് കണ്ണു നനയിച്ചുവെന്നും ഏറെ സന്തോഷം നൽകിയെന്നും വീഡിയോയ്ക്കടിയിൽ കമന്റ് ചെയ്തു.
"സഹോദരാ, നിങ്ങളെപ്പോലുള്ള ആളുകളെ ലഭിച്ചത് ലോകത്തിന് ഭാഗ്യമാണ്" എന്നായിരുന്നു ഒരാൾ ഫോട്ടോഗ്രാഫറെ പ്രശംസിച്ചു കൊണ്ടെഴുതിയത്. മറ്റൊരാൾ "ഈ പ്ലാറ്റ്ഫോമിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച റീൽ" എന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചത്. ഏറെ മാധുര്യവും ദയയും തോന്നുന്ന ദൃശ്യമാണിത്. അവരുടെ പുഞ്ചിരകൾ എത്ര ശുദ്ധമാണെന്നായിരുന്നു മറ്റൊരു പ്രതികരണം.