എവിടെയായാൽ എന്താ... വർക്കൗട്ട് ചെയ്താൽ പോരെ
Monday, March 3, 2025 11:07 AM IST
വർക്കൗട്ട് ചെയ്യാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാത്തവരുണ്ടല്ലേ. അങ്ങനെ ഒരാളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. പുള്ളിക്ക് വ്യായാമം ചെയ്യണമെന്നെയുള്ളു. അത് എവിടെയായിരിക്കണം എന്നൊന്നുമില്ല. വൈറലായ വീഡിയോയിൽ വൈദ്യുത പോസ്റ്റുകൾ പോലെ തോന്നിക്കുന്നവയിൽ ബന്ധിപ്പിച്ചിരിക്കുന്ന കേബിളുകളിലാണ് വ്യായാമം ചെയ്യുന്നത്.
കേബിളുകളിൽ പിടിച്ച് പുഷ് അപ് ചെയ്യുന്നതുപോലെ മുകളിലേക്ക് ഉയരുകയും താഴേക്ക് വരികയും ചെയ്യുന്നു. അത്രയും ഉയരത്തിലാണെങ്കിലും എന്തെങ്കിലും അപകടം പറ്റുമെന്ന ആശങ്ക പോലും അയാൾക്കില്ല. അത്രയധികം ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം വർക്കൗട്ട് ചെയ്യുന്നത്.
ഫിറ്റ്നെസ് ഹാവൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡീയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, വീഡിയോയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തി ഒട്ടും മതിപ്പുളവാക്കുന്നതല്ലെന്നും. അപകടകരമാണെന്നുമായിരുന്നു കമന്റുകളിലേറെയും.
ആശങ്കപ്രകടിപ്പിച്ചവർക്കൊപ്പം തന്നെ എന്നാലും അയാൾ എങ്ങനെ അവിടെയെത്തി എന്ന് ആശ്ചര്യപ്പെടുന്നവരും നിരവധിയായിരുന്നു. "അതൊരു ആവേശകരമായ വ്യായാമമായിരിക്കണമെന്നായിരുന്നു ഒരാളുടെ കമന്റ്. "അടുത്ത ജീവിതത്തിനായി അവൻ പരിശീലനം നേടുകയാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. മറ്റൊരു കമന്റ് "അൺലിമിറ്റഡ് പവർ' എന്നായിരുന്നു.