കളി കണ്ട് ഗ്രൗണ്ടിലിരിക്കുന്ന അഞ്ച് വയസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടുന്ന യുവതി; വീഡിയോ വൈറൽ
Friday, February 28, 2025 3:18 PM IST
അപകടവാർത്തകൾ ഇന്ന് പതിവില്ലാത്ത വിധം കൂടുകയാണ്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിവയ്ക്കുന്നത് ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. അത്രയേറെ അപകട വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മുക്ക് മുന്നിലേക്ക് എത്തുന്നത്.
അപകടം നടന്നത് പിന്നാലെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിവയ്ക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
ഗാസിയാബാദ്, രാജേന്ദ്ര നഗറിലെ എസ്ജി ഗ്രാന്റ് സൊറ്റൈറ്റിയുടെ ഗ്രൌണ്ടില് കുട്ടികൾ കളിക്കുന്നിടത്താണ് സിസിടിവി ദൃശ്യങ്ങൾ തുടങ്ങുന്നത്. മുതിർന്ന കുട്ടികൾ കളിക്കുമ്പോൾ ഒരു അഞ്ച് വയസുകാരന് ഗ്രൌണ്ടിന്റെ ഒരു വശത്ത് ഇരിക്കുന്നതും കാണാം.
ഇതിനിടെ ഒരു ഹോണ്ട സിറ്റി കാര്‍ ഗ്രൌണ്ടിന്റെ ഒരു വശത്ത് കൂടി കടന്ന് വരികയും കുട്ടികൾ കളിക്കുന്നതിനിടെയിലൂടെ അഞ്ച് വയസുകാരനെ ലക്ഷ്യമാക്കി തിരിഞ്ഞ് വരുന്നു. പെട്ടെന്നുള്ള കാറിന്റെ വരവ് കണ്ട് കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കുന്നതും ഇതിനിടെ കാലുടക്കി താഴെ വീഴുന്നു.
ഈ സമയം കാര്‍ കുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങുന്നു. മറ്റ് കുട്ടികൾ ഓടി അടുത്ത് വരുന്നതിനിടെ ഒരാൾ ഓടിയെത്തി കുട്ടിയെ കാറിന് അടിയില്‍ നിന്നും വലിച്ചിറക്കുന്നു. ഇതിനിടെ കാറിന് അടുത്തേക്ക് ഓടിയെത്തിയ കുട്ടികൾ പെട്ടെന്ന് സ്ഥലത്ത് നിന്നും മാറി നില്ക്കുന്നു.
ഒരു യുവതി കാറില്‍ നിന്നും ഇറങ്ങി വീണു കിടക്കുന്ന കുട്ടിയുടെ അടുത്തെത്തി അല്പനേരം നിന്നതിന് ശേഷം പെട്ടെന്ന് കാറില്‍ കയറി ഓടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
മോക്ഷ് ഓഫ് മെന്‍ എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പം യുവതിയ്ക്കെതിരെ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നും സിസിടിവി ദശ്യങ്ങൾ ആവശ്യപ്പെട്ടെന്നും കുറിച്ചു. ഒപ്പം സൊസൈറ്റി റെജിസ്റ്ററില്‍ നിന്നും അന്നത്തെ പേജ് കീറിക്കളഞ്ഞിരുന്നു എന്നും എഴുതിയിരുന്നു. വീഡിയോ നിരവധി ജനപ്രിയ എക്സ് അക്കൌണ്ടുകൾ പങ്കുവയ്ക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കുട്ടിയുടെ പിതാവ് നന്ദഗ്രാം പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തെന്നും കുട്ടിയുടെ വലത് കൈ, വലത് കാലിലെ തുടയെല്ല് എന്നിവയ്ക്ക് പൊട്ടലും നടുവ് കാര്യമായ പരിക്കേറ്റെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു, കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി അറ്റ്ലാന്റാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണത്തില്‍ കാർ ഓടിച്ചിരുന്ന സ്ത്രീയുടെ പേര് സന്ധ്യയാണെന്ന് വ്യക്തമായി. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചെന്നും ബിഎന്‍എസ് 281 ഉം 125 ബി പ്രകാരവും കേസെടുത്തെന്നും പോലീസ് അറിയിച്ചു.