വല്ലാത്ത പണിയായിപ്പോയി പൂച്ച സാറേ! പൂച്ച കാരണം വിമാനയാത്ര മുടങ്ങിയത് രണ്ടുദിവസം
Tuesday, February 18, 2025 8:50 AM IST
വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ പൂച്ച കാരണം രണ്ടുദിവസത്തേക്കു വിമാനത്തിന്റെ സർവീസ് റദ്ദാക്കേണ്ടിവന്നു. റോമിൽനിന്നു ജർമനിയിലേക്കു പറക്കേണ്ടിയിരുന്ന ബോയിംഗ് 737 വിമാനത്തിലാണു പൂച്ച ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി പ്രതിസന്ധി സൃഷ്ടിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുൻപായിരുന്നു സംഭവം.
യാത്രക്കാർക്കു നിർദേശം നൽകുന്നതിനിടെ എയർലൈൻ ജീവനക്കാർ പൂച്ചയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിനിടെ വിമാനത്തിന്റെ ഇലക്ട്രിക്കൽ ബേയിൽ പൂച്ചയെ കണ്ടെത്തി.
പൂച്ചയുമായി വിമാനം പറന്നുയർന്നാൽ അപകടമായേക്കുമെന്ന വിലയിരുത്തലിൽ അതിനെ പിടികൂടാനായി ശ്രമം. എന്നാൽ, പതിനെട്ടടവ് പയറ്റിയിട്ടും പൂച്ച പിടികൊടുത്തില്ല. അതോടെ അന്നത്തെയും പിറ്റേന്നത്തെയും സർവീസ് റദ്ദാക്കി.
പൂച്ചയ്ക്കു മുന്നിൽ കീഴടങ്ങിയ ജീവനക്കാർക്ക് ഒടുവിൽ വിമാനത്തിന്റെ വാതിൽ തുറന്നിട്ട് തനിയെ ഇറങ്ങിപ്പോകാനായി കാത്തിരിക്കേണ്ടിവന്നു. ആ പരീക്ഷണം വിജയം കണ്ടു.
തുറന്നിട്ട വാതിലിലൂടെ പൂച്ച പുറത്തിറങ്ങി. റൺവേയിലൂടെ നടന്നു മറയുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനൊപ്പം വിമാനക്കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ധിമുട്ടും പൂച്ച വരുത്തിവച്ചെന്നു ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
പൂച്ച കാരണം ഇതിനു മുൻപും വിമാനത്തിന്റെ സർവീസ് മുടങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2021ൽ സുഡാനിലെ ഖാർത്തൂമിൽനിന്നു ഖത്തറിലേക്കു പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ പൂച്ചയെ കണ്ടതിനെത്തുടർന്നു വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്നിരുന്നു. പൂച്ച അതിനിടെ പൈലറ്റിനെ ആക്രമിക്കുകയും ചെയ്തിരുന്നു.