"വിനാശകാലേ വിപരീത ബുദ്ധി'; വൈറലാകാൻ സൂപ്പർഗ്ലൂകൊണ്ട് ചുണ്ട് ഒട്ടിച്ചു, പിന്നീട് സംഭവിച്ചത് !
Friday, January 24, 2025 1:22 PM IST
"വിനാശകാലേ വിപരീത ബുദ്ധി' എന്നൊരു ചൊല്ലുണ്ട്. ഫിലിപ്പൈൻസിലെ ടയ്റ്റേയിൽനിന്നുള്ള യുവാവിനു സംഭവിച്ചതറിഞ്ഞാൽ ഇങ്ങനെ പറയാൻ തോന്നും. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ചെയ്ത സാഹസമാണു യുവാവിനു വിനയായത്. സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ചുണ്ട് ഒട്ടിക്കുന്ന റീൽസ് ചിത്രീകരിച്ച യുവാവിന് ഒടുവിൽ വായ തുറക്കാൻ കഴിയാതെവരികയായിരുന്നു! കോമഡിക്കു വേണ്ടി ചെയ്തത് ട്രാജഡി ആയി എന്നു പറഞ്ഞാൽ മതിയല്ലോ..!
"ബാഡിസ് ടിവി' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ആരംഭിക്കുന്പോൾ, യുവാവ് ആത്മവിശ്വാസത്തോടെ സൂപ്പർ ഗ്ലൂ തന്റെ ചുണ്ടുകളിൽ തേയ്ക്കുന്നു. തുടർന്ന് അൽപസമയം ചുണ്ടുകൾ അമർത്തിപ്പിടിച്ചു. പിന്നീട് വായ് തുറക്കാൻ നോക്കിയപ്പോൾ ചുണ്ടുകൾ അനങ്ങുന്നില്ല. ഇതോടെ യുവാവ് പരിഭ്രാന്തനാകുന്നതും കരയുന്നതും വീഡിയോയിൽ കാണാം.
പക്ഷേ, യുവാവിന്റെ അമളി കാഴ്ചക്കാർക്കു തമാശയായി. ആയിരക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. യുവാവിനെ പരിഹസിച്ചായിരുന്നു പ്രതികരണങ്ങളേറെയും. അപകടകരമായ തമാശകൾക്കു ശ്രമിക്കരുതെന്ന ഉപദേശങ്ങളുമുണ്ടായി. പിന്നീട് ചുണ്ടിലെ പശ നീക്കം ചെയ്ത് യുവാവ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു.