പൂസായാൽ പോലീസൊക്കെയെന്ത്! വാഹനത്തിന്റെ ചില്ല് കൈകൊണ്ട് പൊട്ടിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്
Friday, January 3, 2025 8:58 AM IST
പുതുവത്സരം ആഘോഷിച്ച് പൂസായിപ്പോയി ഒടുവിൽ ജയിലിൽ പോയി കിടക്കേണ്ടി വന്നാൽ എന്തുചെയ്യാനൊക്കും. അതും സ്വന്തം ഹീറോയിസം കൂടിപ്പോയിട്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചുറ്റിക്കറങ്ങുന്നത്.
ലഹരി ഉപയോഗിച്ച് സുബോധം നഷ്ടമായ ഒരു യുവാവ് പോലീസ് ജീപ്പിന്റെ പിന്നിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് അതിലൂടെ രക്ഷപ്പെടാനുള്ള ശ്രമമാണ് വീഡിയോയില്‍ കാണുന്നത്. അതോടൊപ്പം ഇയാൾ പോലീസുകാര്‍ക്ക് നേരെ അസഭ്യം വിളിച്ച് പറയുന്നതും പോലീസുകാരനെ തല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
തെരുവില്‍ നിന്നവര്‍ ഇയാളുടെ വീരപരാക്രമങ്ങള് മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പിന്നാലെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ പോലീസ് പങ്കുവച്ച സംഭവത്തിന്റെ മുമ്പും പിമ്പുമുള്ള വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
വീഡിയോ ആരംഭിക്കുന്നത് ഘരത് സ്വദേശിയായ വിവേക് ബിഷ്ത് എന്നയാൾ പോലീസ് വാഹനത്തിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്ത് അതിലൂടെ ശരീരം പുറത്തേക്കിട്ട് പോലീസിനെയും നാട്ടുകാരെയും അസഭ്യം വിളിക്കുന്നതോടെയാണ്. ഇയാള്‍ ഇതിനിടെ തനിക്ക് അടുത്തേക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ തല്ലാന്‍ ശ്രമിക്കുന്നതും കാണാം.
വീഡിയോയുടെ അവസാനം ഒരു പോലീസ് ഉദ്യോഗസ്ഥന് ജയില്‍ സെല്ലില്‍ നിന്നും വിവേക് ബിഷ്തിനെ പുറത്തേക്ക് കൊണ്ട് വരുന്നത് കാണാം. പിന്നാലെ കാമറയ്ക്ക് മുന്നില്‍ കൈ കൂപ്പി നിന്ന് ഇയാൾ തന്റെ തെറ്റുകൾ ഏറ്റ് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ നിരവധി വകുപ്പുകൾ ചേർത്ത് ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തമാശ കുറിപ്പുകളുമായി എത്തിയത്.
നിരവധിപേരാണ് ഈ സംഭവത്തിൽ പ്രതികരണവുമായെത്തിയത്. മദ്യപാനികൾക്ക് എന്തും ചെയ്യാന്‍ കഴിയും പക്ഷേ. ഇത് കുറച്ച് കൂടുതലാണ് എന്നായിരുന്നു ഒരാൾ എഴുതിയത്. എന്തായാലും കൂടുതല്‍ അനിഷ്ട സംഭവങ്ങളില്ലാതെ പ്രശ്നം കൈകാര്യം ചെയ്തതിൽ പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.