ആരെ കാണിക്കാനാണ് ഇത്തരം സാഹസികതകൾ? ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസികയാത്ര; വീഡിയോ
Thursday, December 19, 2024 1:17 PM IST
റീലുകളുടെ ലോകമാണിത്. ചെയ്യുന്നതെല്ലാം സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യാനുള്ള വ്യഗ്രതയിലാണ് യുവതലമുറയിൽ പലരും ജീവിക്കുന്നത്. ചെയ്യുന്നത് അപകടത്തിലേയ്ക്ക് നയിക്കുന്നതാണോയെന്നു പോലും ചിന്തിക്കാതെയാണ് പലരും സാഹസികതയിലേയ്ക്ക് എടുത്ത് ചാടുന്നത്.
എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ 29,000 -ത്തിലധികം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററാണ് രാഹുൽ ഗുപ്ത.
തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ഓടുന്ന ട്രെയിനിന് മുകളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. 'ത്രില്ലിംഗ്' എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് രാഹുൽ പറയുന്നത്.
വീഡിയോയിൽ ഇയാൾ ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് വീഡിയോ എടുക്കുന്നത് കാണാം. നല്ല വേഗത്തിൽ തന്നെയാണ് ട്രെയിൻ ഓടുന്നത്. യാതൊരു സുരക്ഷാ മാർഗങ്ങളും സ്വീകരിക്കാതെയാണ് രാഹുലിന്റെ ഈ സാഹസം.
എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇയാൾ ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നത്. നേരത്തെയും ഇതുപോലുള്ള അപകടകരമായ കാര്യങ്ങൾ ഇയാൾ ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്. അതിൽ ട്രെയിനിൽ തൂങ്ങിപ്പിടിച്ച് നിന്ന് യാത്ര ചെയ്യുന്നതും, ട്രെയിനിന് മുകളിൽ നിന്ന് യാത്ര ചെയ്യുന്നതും ഒക്കെ കാണാം.
എന്തായാലും, ഈ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. 19 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി വിമർശനങ്ങളാണ് ഒപ്പം ഈ വീഡിയോക്ക് വരുന്നതും.