കൈയടിക്കണം ഈ കൊച്ചുമിടുക്കന്, ഇവന്റെ മനസിന് നൽകണം നൂറ് ഉമ്മകൾ; വീഡിയോ വൈറൽ
Wednesday, December 4, 2024 2:47 PM IST
സഹജീവികളോട് കരുണ കാണിക്കുക എന്നത് ചെറുപ്പം മുതലേ എല്ലാവരും കേട്ടുവളരുന്നതാണ്. എന്നാൽ അത് എത്രപേർ കാണിക്കുന്നുണ്ട് എന്നിടത്താണ് ഈ ഒരു കൊച്ചു വീഡിയോ ഹൃദയം കവരുന്നത്.
സഹജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മൾ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനായി മാറുന്നത് എന്ന് പറയാറുണ്ട്. എന്നാൽ, അവയോടും കൊടുംക്രൂരത കാണിക്കുന്ന ആളുകളുണ്ട്. എന്നാൽ, ഈ കുഞ്ഞിന്റെ മനസെങ്കിലും വേണം ഓരോ മനുഷ്യനുമെന്ന് ഈ വീഡിയോ കാണുമ്പോൾ നമുക്ക് തോന്നും.
മലേഷ്യയിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ കുട്ടിയുടെ നന്മ നിറഞ്ഞ മനസാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു ചെറിയ കുട്ടി വെള്ളപ്പൊക്കത്തിൽ പെട്ടുകിടക്കുന്ന മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ചിട്ടു വരുന്നതാണ്. അവന്റെ മുട്ടൊപ്പമോ അതിന് മുകളിലോ വെള്ളം കയറിയിട്ടുണ്ട്. അതിലൂടെ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെയും കൈകളിലേന്തി ആയാസപ്പെട്ട് അവൻ നടന്നു വരുന്നത് കാണാം.
വെള്ളമില്ലാത്ത സ്ഥലത്ത് ഒരു സത്രീയും വേറെ കുട്ടികളും ഉണ്ട്. അവിടെയെത്തിയ ശേഷം കുട്ടി പൂച്ചക്കുഞ്ഞുങ്ങളെ നിലത്തേക്കിറക്കി വിടുകയാണ്. അവ അവിടെ നിന്നും ആശ്വാസത്തോടെ പോകുന്നതും കാണാം.