പ്രായം 29, വരനെ തേടുന്നു, താജിന് മുന്നിൽ വിവാഹ ബയോഡാറ്റയുമായി യുവതി; വീഡിയോ
Wednesday, November 27, 2024 12:36 PM IST
വിവാഹ പരസ്യങ്ങളുടെ മട്ടും ഭാവവുമൊക്കെ മാറിവരുകയാണ്. പലരീതിയിലാണ് ഇപ്പോൾ വിവാഹപരസ്യങ്ങൾ നൽകുന്നതും. അവിവാഹിതരായ പുരുഷന്മാര്ക്ക് വിവാഹം കഴിക്കാന്‍ യുവതികളില്ലെന്ന വര്‍ത്തകള്‍ ഇതിന് മുമ്പും ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ വന്നിരിക്കുന്ന വ്യത്യസ്തമായ ഒരു വിവാഹ പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിന് മുന്നില്‍ തന്റെ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി നിന്ന ഒരു യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
29 കാരിയായ മുംബൈ സ്വദേശിനി സയാലി സാവന്താണ് വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് എഴുതിയ പ്ലേക്കാർഡും പിടിച്ച് മുംബൈ താജ് ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്നത്. സ്ഥലത്തെത്തിയ സ്ത്രീകളും പുരുഷന്മാരുമായ നൂറ് കണക്കിന് പേര് യുവതിയുടെ വിചിത്രമായ പ്രവൃത്തി നോക്കി ചിരിക്കുന്നതും കാണാം.
താജ് ഹോട്ടൽ, മറൈൻ ഡ്രൈവ്, ഗേറ്റ്വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സയാലി സാവന്ത്, തന്റെ ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്‍ക്കുന്നത് കാണാം.
സയാലിയുടെ കൈയിലെ ബോര്‍ഡില്‍ 'വിവാഹ ബയോഡാറ്റ' എന്ന് എഴുതിയിരിക്കുന്നു. തന്റെ പ്രായം, ഉയരം, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു ബോര്‍ഡാണ് അവർ പിടിച്ചിരുന്നത്. കാഴ്ചക്കാരെല്ലാം സയാലിയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കുകയും ഒപ്പം ആശംസകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
ചില പുരുഷന്മാര് സയാലിയോടൊപ്പം സെല്‍ഫി എടുക്കാനും മടിക്കുന്നില്ല. മറ്റ് ചിലർ സയാലിയുടെ വീഡിയോ പകര്‍ത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ചിലര്‍ 'ഞങ്ങൾ തയ്യാറാണ്' എന്ന് സയാലിയോട് പറയുന്നതും കാണാം.