കടുവകള്‍ മനുഷ്യരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വന്യമൃഗമാണല്ലൊ. അവയുടെ ആകാരവും അഴകും നടപ്പുമൊക്കെ ആളുകളില്‍ വീരാരാധന ജനിപ്പിക്കാറുണ്ട്. നമ്മുടെ രാജ്യത്ത് കടുവകളെ സംരക്ഷിക്കാനായി റിസര്‍വ് ഫോറസ്റ്റുകളും മൃഗശാലകളുമൊക്കെ ഒരുക്കിയട്ടുണ്ട്.

ഇത്തരം ഇടങ്ങള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാറുള്ളത് വന്യജീവി ഫോട്ടോഗ്രാഫര്‍മാരും പ്രകൃതിശാസ്ത്രജ്ഞരുമാണ്. അടുത്തിടെ പ്രകൃതിശാസ്ത്രജ്ഞനായ ഇമ്രാന്‍ ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കടുവാ ദൃശ്യം വൈറലായിരുന്നു.

മധ്യപ്രദേശിലെ പെഞ്ച് ടൈഗര്‍ റിസര്‍വില്‍ നിന്നുള്ളതായിരുന്നത്. ദൃശ്യങ്ങളില്‍ കുറേ മനുഷ്യര്‍ കാമറകളും മറ്റുമായി നില്‍ക്കുന്നതായി കാണാം. അവര്‍ ഫോക്കസ് ചെയ്യുന്നത് അല്‍പം അകലെയായി ഗാംഭീര്യത്തോടെ നടന്നുപോകുന്ന ഒരു കടുവയില്‍ ആണ്.

ഈ കാഴ്ച കുറച്ച് മാനുകളും നോക്കി നില്‍ക്കുന്നു. കാരണം ആ കടുവ ഒരു മാന്‍കുട്ടിയെ കടിച്ചുപിടിച്ചാണ് നടക്കുന്നത്. കടുവയ്ക്കത് പ്രഭാതഭക്ഷണം ആണെങ്കിലും മാനുകള്‍ക്കത് തങ്ങളുടെ അടുത്ത തലമുറയാണ്. മനുഷ്യര്‍ക്കാകട്ടെ ഇതൊക്കെ വെറും ചിത്രങ്ങളും.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. "പലര്‍ക്കും നേട്ടമാകുന്നത് ചിലര്‍ക്ക് നോവാണ്; മറ്റു ചിലര്‍ വെറും കാഴ്ചക്കാരും' എന്നാണൊരാള്‍ ദൃശ്യങ്ങളില്‍ പ്രതികരിച്ചത്.