"ശെടാ കുഞ്ഞന്‍ റോബോട്ടെ...';ഒരു ചൈനീസ് തട്ടിക്കൊണ്ടുപോകല്‍
Friday, November 22, 2024 10:38 AM IST
കാലം എഐയുടേതാണല്ലൊ. നിരവധി റോബോട്ടുകള്‍ നമ്മുടെ ഇടയില്‍ എത്തിക്കഴിഞ്ഞു. പാചകം ചെയ്യാനും ശസ്ത്രക്രിയ നടത്താനും കാവല്‍ നില്‍ക്കാനുമൊക്കെ വരെ റോബോട്ടുകള്‍ എത്തിക്കഴിഞ്ഞല്ലൊ.
നിലവില്‍ യന്ത്രങ്ങളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കഴിവുകള്‍ സങ്കല്പ്പിക്കാന് പോലും കഴിയാത്ത ഉയരങ്ങളിലാണ്. അവര്‍ക്ക് എന്തുംചെയ്യാന്‍ കഴിയും എന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളത്തെ സ്ഥിതിവിശേഷം എന്താകുമെന്ന് പറയുകതന്നെ വയ്യ.
ഇപ്പോഴിതാ ഒരു കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ അവരുടെ "ഡ്യൂട്ടി' നിര്‍ത്തിച്ച് വിളിച്ചുകൊണ്ടുപോകുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ചൈനയിലാണ് സംഭവം.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഷാഗ്ഹായിലെ ഒരു ഷോറൂമിലെ കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ ഒരു കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകള്ക്കടുത്തെത്തുന്നു. ഈ കുഞ്ഞന്‍ വലിയ റോബോട്ടുകളോട് ചോദിക്കുകയാണ് "നിങ്ങള്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടോ?' എന്ന്.
എന്നാല്‍ തങ്ങള്‍ "ജോലിയില്‍ നിന്ന് ഇറങ്ങില്ല.' എന്നവര്‍ പറയുന്നു. അതോടെ "തന്നെ പിന്തുടര്ന്ന് വീട്ടിലേക്ക് വരാന്‍' കുഞ്ഞ് റോബോട്ട് പറയുന്നു. കേട്ടപ്പാതി കേള്‍ക്കാത്ത പാതി വലിയ റോബോട്ടുകളെല്ലാം "ചിന്നതിനെ' പിന്തുടരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം എര്‍ബായ് എന്നാണ് ഈ കുഞ്ഞന്‍ റോബോട്ടിന്റെ പേര്. ഹാംഗ്ഷൗ കമ്പനിയാണ് എര്ബായിയെ നിര്‍മിച്ചത്. വലിയ റോബോട്ടുകളെ ഷാംഗ്ഹായിലെ ഒരു കമ്പനിയുമാണ് നിര്‍മിച്ചത്.
ഈ സംഭവം ഒരു പരീക്ഷണമായിരുന്നതായാണ് വിവരം. എന്നാല്‍, റോബോട്ടുകളുടെ യഥാര്‍ഥ സംഭാഷണവും പെരുമാറ്റവും മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതാണോ എന്ന് വ്യക്തമല്ല.