കോച്ചിനുള്ളില്‍ പാമ്പുകളുമായി ഒരാൾ; ഞെട്ടിക്കുന്ന ട്രെയിന്‍ യാത്ര
Wednesday, November 20, 2024 9:50 AM IST
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന ഒന്നാണല്ലൊ ട്രെയിന്‍. മെട്രോയും വന്ദേഭാരതുമൊക്കെ വന്നെന്ന് പറഞ്ഞാലും നമ്മുടെ യാത്രാദുരിതം ഇപ്പോഴും അവസാനിക്കുന്നില്ല. ലോക്കല്‍ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് ഇത് നന്നായി മനസിലാകും. പലപ്പോഴും സാമൂഹ്യവിരുദ്ധരുടെയും ശല്യക്കാരുടെയും ഇടത്താവളം കൂടിയാണ് ലോക്കല്‍ കോച്ചുകള്‍.
ഇപ്പോഴിതാ ഉത്തരേന്ത്യയിലെ ഒരു പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ച ഒരു മലയാളി യുവാവ് തന്റെ ഞെട്ടിക്കുന്ന അനുഭവം നെറ്റിസണ്‍സിനോട് തുറന്നുപറയുന്നു. ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍ ആയ അശ്വന് ആണ് ഈ യുവാവ്.
ഇദ്ദേഹം തിരക്കേറിയ ഒരു പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നനു. അന്നേരം യാത്രക്കാരില്‍ ഒരാള്‍ തന്റെ കുട്ടയിലെ മൂര്‍ഖന്‍ പാമ്പിനെ പുറത്തുകാട്ടുന്നു. അയാളുടെ ദേഹത്തും പാമ്പുകള്‍ ഉണ്ടായിരുന്നു. അയാള്‍ ഇത് മറ്റ് ആളുകള്‍ക്ക് നേരെ നീട്ടുന്നു. മറ്റുള്ളവര്‍ പരിഭ്രാന്തരാകുന്നു.
"ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ യാത്ര ഭയാനകമാണെന്ന് കേട്ടിട്ടുണ്ടെങ്കിലും, ഞാന്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ലായിരിക്കാം, പക്ഷേ ഒരാള്‍ എന്റെ മേല്‍ ഒരു "മുര്‍ക്കന്‍ പാമ്പ്' എറിഞ്ഞു- അശ്വിന് പറഞ്ഞു. ഇത് തന്നെ ശരിക്കും ഭയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ഇയാള്‍ പാമ്പിനെ ആദ്യം പുറത്തെടുത്തപ്പോള്‍ പാമ്പാട്ടി എന്നാണ് യുവാവ് കരുതിയത്. പിന്നീട് സഹയാത്രികരാണ് പറഞ്ഞത് ഇങ്ങനെ പാമ്പുമായി എത്തുന്നത് അന്നാട്ടുകാരാണത്രെ. വിഷപ്പല്ലു കളഞ്ഞ പാമ്പാണ് ഇതെന്നാണ് കരുതുന്നത്. മിക്കപ്പോഴും ഉറങ്ങുന്ന യാത്രികരെ ഇവര്‍ ഇത്തരത്തില്‍ ഭയപ്പെടുത്തുമത്രെ.
അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ നെറ്റിസണ്‍സ് വിമര്‍ശനം ഉന്നയിച്ചു. പലപ്പോഴും പണപ്പിരിവിന്റെ ഇടംകൂടിയാണ് തീവണ്ടികള്‍ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ആര്‍പിഎഫും പോലീസും ഇക്കാര്യങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടണമെന്ന് ചിലര്‍ പറയുന്നു.