ബൈക്കില്‍ കുട്ടിയുമായി ഫുഡ് ഡെലിവറി; യുവതി "സിംഹി' എന്ന് നെറ്റിസണ്‍സ്
Saturday, November 16, 2024 10:06 AM IST
ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇക്കാലത്ത് സാധാരണമാണല്ലൊ. എന്നാല്‍ അതിന് പിന്നില്‍ അധ്വാനിക്കുന്നവരുടെ ജീവിതം പലപ്പോഴും നമ്മള് അറിയാറില്ലല്ലൊ. പലരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാച്ചിലാകും ഇത്തരത്തില്‍ നടത്തുന്നത്.
ശാരീരിക അവശതകള്‍ക്കിടയില്‍ മുച്ചക്രവുമായി സൊമാറ്റോ ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന ചിലര്‍ ഒക്കെ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നല്ലൊ. ഇപ്പോഴിതാ തന്റെ കുഞ്ഞുമായി ഫുഡ് ഡെലിവറി നടത്തുന്ന ഒരു യുവതി നെറ്റിസണ്‍സിന്റെ ശ്രദ്ധനേടുന്നു.
ഗുജറാത്തിലെ തെരുവുകളില്‍ ആണ് ഈ കാഴ്ച. ദൃശ്യങ്ങളില്‍ യുവതി ബൈക്കില്‍ സഞ്ചരിക്കുകയാണ്. മുന്നിലായി കുട്ടിയെ ഇരുത്തിയിട്ടുണ്ട്. ബൈക്കിന്റെ പിറകില്‍ സൊമാറ്റയുടെ പെട്ടിയുമുണ്ട്. വിശാല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്ഫ്പുവന്സറാണ് ഈ സ്ത്രീയെ നെറ്റിസണ് മുന്നില്‍ പരിചയപ്പെടുത്തിയത്.
ഇവര്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ആളാണത്രെ. സാമ്പത്തികപ്രശ്നം കാരണം ഫുഡ് ഡെലിവറി ജോലി ആരംഭിച്ചതാണത്രെ. റെസ്റ്റോറന്റുകളില്‍ നിന്ന് പാഴ്സലുകള്‍ എടുത്ത് ഗുജറാത്തിലെ രാജ്കോട്ടിലെ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയാണ് പതിവ്.
കുഞ്ഞിനെ തനിച്ചാക്കാന്‍ കഴിയാത്തതിനാല്‍ ഈ ജോലി തിരഞ്ഞെടുക്കുകയായിരുന്നത്രെ. കുഞ്ഞുമായി പോകാന്‍ കഴിയുന്ന പല ജോലികളും താന്‍ തിരഞ്ഞു; എന്നാല്‍ ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു. അപ്പോഴാണ് ആകെയുള്ള ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ അതുമായി ഈ ജോലിക്കിറങ്ങുകയായിരുന്നത്രെ.
"നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, ചെറുതോ വലുതോ ആയ ഒരു ജോലിയുമില്ല. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും' എന്നാണവര്‍ പറഞ്ഞ് നിര്‍ത്തിയത്.
യുവതിയുടെ മാതൃ പരിചരണത്തിലും ജോലിയോടുള്ള അര്‍പ്പണബോധത്തിലും ആകൃഷ്ടയായ നെറ്റിസണ്‍സ് അവരെ "ഷേര്‍ണി (സിംഹി) എന്ന് വിളിച്ചു.'"നിങ്ങളില്‍ അഭിമാനിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന കാര്യവും ചിലര്‍ സൂചിപ്പിക്കുന്നു.