വര്‍ക്ക് അറ്റ് ഹോം ചോദിച്ച് ജീവനക്കാരന്; കുട്ടി മാനേജറുടെ പോംവഴികൾ വൈറല്‍
Friday, November 15, 2024 12:35 PM IST
ഒരു ജോലി കിട്ടാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ നാള്‍ക്കുനാള്‍ പലരും പലകാരണങ്ങളാല്‍ കാര്യാലയത്തിലേക്ക് പോകാന്‍ മടിക്കും. അത്തരക്കാര്‍ പിന്നീട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ കുറച്ചാഗ്രഹിക്കും.
ഇക്കാര്യം ഐടി പോലുള്ള മേഖലകളില്‍ പ്രാവര്‍ത്തികമാകും. എന്നാല്‍ ചില കമ്പനികള്‍ വര്‍ക്ക് അറ്റ് ഹോമിനെ അങ്ങനെ അത്ര പ്രോത്സാഹിപ്പിക്കാറില്ല. ഇപ്പോഴിതാ ഒരു ജീവനക്കാരന് തനിക്ക് നാളെ മുതല്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ കഴിയുമൊ എന്ന കാര്യം ഒരു മാനേജരോട് ചോദിക്കുന്നു. അത് അനുവദിക്കാതിരിക്കാന്‍ മാനേജര്‍ പറയുന്ന മറുപടികള്‍ വൈറലായി.
അതിന്റെ കാരണം മാനേജരായി വേഷമിട്ടത് ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ ഈ പെണ്‍കുട്ടി ഒരു ലാപ്പ്ടോപ്പുമായി വളരെ ഗൗരവത്തില്‍ ഇരിക്കുന്നു. അന്നേരം ആ ജീവനക്കാരന് "ഹായ് മാനേജര്‍, എനിക്ക് നാളെ മുതല്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാമോ? ഓഫീസ് എന്റെ വീട്ടില്‍ നിന്ന് വളരെ അകലെയാണ്' എന്ന് ഫോണില്‍ പറയുന്നു.
എന്നാല്‍ ഈ മാനേജര്‍ അവനോട് വീട് വളരെ ദൂരെയാണെങ്കില്‍ ഒരു കാറോ ബൈക്കോ എടുത്തുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കാറില്ലെന്ന് അയാള്‍ പറയുന്നു. മാത്രമല്ല ബൈക്ക് ഓടിക്കാനും അറിയില്ലത്രെ. എന്നാല്‍ ജോഗിംഗ് ചെയ്ത് ഓഫീസിലെത്താന്‍ കുട്ടി പറയുന്നു. പക്ഷേ താന്‍ തളര്‍ന്നുപോകുമെന്ന് അയാള്‍ മറുപടി പറയുന്നു.
എങ്കില്‍ സ്കേറ്റിംഗ് നടത്തി വരാന്‍ പറയുന്നു ഈ മാനേജര്‍. അത് പേടിയാണെന്ന് ജീവനക്കാരന് പറഞ്ഞപ്പോള്‍ മാനേജര്‍ അയാള്‍ക്ക് നിഷേധിക്കാന്‍ കഴിയാത്ത ഒരു പോംവഴി പറയുന്നു. അതായത് നിത്യവും താന്‍തന്നെ തന്റെ കാറില്‍ അയാളെ കൂട്ടിക്കൊണ്ടു വരാമെന്ന്. ഇതോടെ ജീവനക്കാരന് കുടുങ്ങി.
ഈ വീഡിയോ വൈറലാകുകയും ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു. രസകരമായ ഈ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഈ മാനേജര്‍ ഒരു രക്ഷയുമില്ല' എന്നാണൊരാള്‍ കുറിച്ചത്.