അഭിനയം വളരെ ഗൗരവമായി എടുത്തു; "രാമ-രാവണ യുദ്ധം' മറ്റൊന്നായി മാറിയപ്പോള്‍
Monday, October 14, 2024 3:31 PM IST
രാമായണം മിക്കവര്‍ക്കും അറിയാവുന്ന ഒന്നാണല്ലൊ. പ്രത്യേകിച്ച് ലങ്കാധിപതിയായിരുന്ന രാവണനുമായി ശ്രീരാമന് നടത്തിയ യുദ്ധവും അതിന്റെ പരിണിതഫലവും പ്രസിദ്ധമാണല്ലൊ. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി പുസ്തകങ്ങളും നാടകങ്ങളും ഒക്കെ നമുക്കിടയിലുണ്ട്. അതിപ്പോഴും തുടരുന്നു.
അടുത്തിടെ യുപിയിലെ അംരോഹയില്‍ രാമലീല ചില കലാകാരന്മാര് വേദിയില്‍ അവതരിപ്പിക്കുകയുണ്ടായി. സച്ചിന് ഗുപ്ത എന്ന പത്രപ്രവര്ത്തകന് ഇതിന്റെ ദൃശ്യങ്ങള്‍ എക്സിലെത്തിച്ചു. ദൃശ്യങ്ങളില്‍ കുറേയാളുകള്‍ രാമലീല ആസ്വദിച്ചിരിക്കുന്നു.
എന്നാല്‍ രാമ-രാവണ യുദ്ധത്തിനിടെ അഭിനേതാക്കള്‍ തങ്ങളുടെ റോള്‍ മറന്നു. എന്തോ കാരണത്താല്‍ അവര്‍ തങ്ങളായി മാറി. ചുരുക്കത്തില്‍ "രാമനും രാവണനുമായി' എത്തിയവര്‍ തമ്മില്‍ ശരിക്കും വഴക്കായി. രണ്ടുപേരും പരസ്പരം ഇടിക്കുകയും മുടി വലിച്ചിടുകയും ചെയ്തു.
രാവണനായി എത്തിയ ആള് രാമനായി വേഷമിട്ടയാളെ തള്ളിയിട്ടു. ഒരു നാടകം യഥാര്‍ഥ പോരാട്ടമായി മാറിയതിന്റെ ഞെട്ടലിലായിരുന്നു കാണികള്‍. അക്രമം അതിരുകടക്കുമെന്നായപ്പോള് സംഘാടകരും കാണികളും സ്റ്റേജിലെത്തി. അവര്‍ ഇവരെ രണ്ടാളുകളെയും പിടിച്ചുമാറ്റി.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഈ രാവണന് ശരിക്കും ശക്തനായി മാറി' എന്നാണൊരാള്‍ കുറിച്ചത്.