കാതങ്ങള്‍ താണ്ടാന്‍ കാലുകളാകുന്നു ഈ സൗഹൃദം; ഹൃദയത്തെ തൊടുന്ന സ്നേഹക്കാഴ്ച
Monday, October 14, 2024 2:04 PM IST
ഈ ലോകത്തെ ഏറ്റവും അമൂല്യമായത് നല്ല ബന്ധങ്ങളാണ്. കളങ്കമില്ലാത്ത ബന്ധങ്ങള്‍ ഏറ്റവും കാണാന്‍ കഴിയുന്നത് കുട്ടികള്ക്കിടയിലാണല്ലൊ. സ്കൂള്‍ ആണ് അതിന്റെ അടിസ്ഥാനയിടം.
തന്റെ കൈയിലുള്ള മിഠായി കൂട്ടുകാരനായി പകുക്കുന്ന നല്ല കാഴ്ചകള്‍ നമുക്കവിടെ കാണാന്‍ കഴിയും. ടീച്ചര്‍ വഴക്ക് പറയുമ്പോഴും, ഇറക്കിവിടുമ്പോഴും കൂട്ടുകാരന് കൂടെയുണ്ടെങ്കില്‍ പലരും ഹാപ്പിയായിരിക്കുമല്ലൊ.
അടുത്തയിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോ പറയുന്നത് കാലിന് സ്വാധീനമില്ലാത്ത ഒരു കുട്ടിയെ അവന്റെ സഹപാഠികള്‍ പരിചരിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ളത് കൊല്ലത്തെ ചവറയിലെ അയ്യന്‍കോയിക്കല്‍ എച്ച്എസ്എസില അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ ആണ്.
വീഡിയോയില്‍, ഒരു വിദ്യാര്‍ഥി വയ്യാത്ത തന്റെ സുഹൃത്തിന്റെ മുഖം മൃദുവായി തുടയ്ക്കുന്നതും ഉച്ചഭക്ഷണ പ്ലേറ്റ് വൃത്തിയാക്കുന്നതും കാണാം. ഈ സമയം മറ്റൊരാള്‍ വീല്‍ചെയറില്‍ പിടിച്ചിട്ടുണ്ട്. വീല്‍ചെയറിലിരിക്കുന്ന വിദ്യാര്ഥിക്കടുത്തായി മറ്റ് ചില കുട്ടികള്‍ കളിക്കുന്നതായും കാണാം.
ഇവരുടെ ടീം വര്‍ക്കും ശാന്തമായ പരിചരണവും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ശേഷം വൈറലായി മാറിയ കാഴ്ച കേരളവും കടന്ന് ലോകമെമ്പാടും എത്തിച്ചേര്‍ന്നു.
വിദ്യാര്‍ഥികളുടെ നിസ്വാര്‍ഥമായ പ്രവൃത്തിയില്‍ നിരവധിപേര്‍ അഭിനന്ദനം രേഖപ്പെടുത്തി. "ആ കുട്ടികളുടെ മാതാപിതാക്കള്‍ ഇതിനകം വിജയിച്ചു.' എന്നാണൊരാള്‍ കുറിച്ചത്. "ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം സൗഹൃദമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.