ബിസ്ക്കറ്റിൽ "നൂൽക്കന്പി'; സോഷ്യൽ മീഡിയയിൽ പ്രതിഷേധം
Monday, October 14, 2024 12:52 PM IST
കുട്ടികൾക്കു കൊടുക്കാൻ വാങ്ങിയ ബിസ്ക്കറ്റിൽ നൂൽക്കന്പി കണ്ടതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ട്. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ ദേവുനിപള്ളി ഗ്രാമത്തിലാണു സംഭവം. ബ്രിട്ടാനിയ കന്പനിയുടെ ബർബൺ ബിസ്ക്കറ്റ് കഴിക്കുന്നതിനിടെ കുട്ടികളാണു നൂൽക്കന്പി കണ്ടതെന്നു പറയുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹനുമാൻ റെഡ്ഡി എന്നയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മിനിറ്റുകൾക്കുള്ളിൽ വീഡിയോ വൈറലായി.
ഇതേത്തുടർന്നു കന്പനിക്കെതിരേ വ്യാപക കുറ്റപ്പെടുത്തലുകളും ഉയർന്നു. ബിസ്ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവ കുട്ടികൾക്കു പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളാണെന്നും ഇത്തരം ഉത്പന്നങ്ങളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കണമെന്നും പ്രതികരണങ്ങളിലുണ്ട്.
അടുത്തിടെ മുംബൈയിൽ പേരുകേട്ട കന്പനിയുടെ ഐസ്ക്രീമിൽ മനുഷ്യന്റെ കൈവിരൽ കണ്ടെത്തിയതു വൻ വാർത്തയായിരുന്നു. പായ്ക്ക് ചെയ്ത് വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ വിഷമുള്ള നിരവധി പ്രാണികളെയും അടുത്തിടെ കണ്ടെത്തിയിരുന്നു.