കുര മാത്രമല്ല സാര്‍ പാട്ടും വഴങ്ങും; വൈറല്‍ വീഡിയോ
Thursday, October 10, 2024 10:07 AM IST
ഇഷ്ടപ്പെട്ട ഗാനം കേള്‍ക്കുമ്പോള്‍ നമ്മള് കൂടെ പാടുക സ്വാഭാവികമായ കാര്യം മാത്രമാണല്ലൊ. പ്രത്യേകിച്ച് യാത്രവേളകളില്‍ അതിനുള്ള ഒരു മൂഡും സെറ്റാകും. എന്നാല്‍ കൂടെ പാട്ടുകാരന് ഒരു മനുഷ്യന് അല്ലെങ്കിലൊ.
അത്തരമൊരു കാര്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു ബുള്‍ഡോഗ് ആണ് ഈ ഗായകന്. ദൃശ്യങ്ങളില്‍ ഒരു കാറില്‍ ഒരു കുടുംബത്തിനൊപ്പം ഈ നായ സഞ്ചരിക്കുന്നു. പിന് സീറ്റില്‍ ഒരു യുവതിക്കടുത്തായിട്ടാണ് നായ ഇരിക്കുന്നതെങ്കിലും തല മുന്നിലേക്ക് നീട്ടി വച്ചിരിക്കുന്നു.
കാറില്‍ ഇമാജിന്‍ ഡ്രാഗണ്‍സിന്റെ ബിലീവര്‍ എന്ന ഗാനം വച്ചിരിക്കുന്നു. ഈ ഗാനത്തില്‍ "ഓ-ഓ' എന്ന് വരുന്ന ഒരു ഭാഗമുണ്ട്. ഡ്രൈവറായ യുവാവ് ഈ ഗാനം ആസ്വദിച്ച് നില്‍ക്കവെ ബുള്‍ഡോഗാണ് "ഓ ഓ' എന്ന് വെക്കുന്നത്. ആവര്‍ത്തിച്ചുവരുന്ന ഇടങ്ങളില്‍ നായ ഇത്തരത്തില്‍ പാടുന്നു.
യാത്രക്കാരും നെറ്റിസണ്‍സും നായയുടെ ഈ ഗാനാലാപനം ആസ്വദിക്കുന്നു. നിരവധിപേര്‍ രസകരമായ കമന്റുകള്‍ ദൃശ്യങ്ങളില്‍ രേഖപ്പെടുത്തി.അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ജസ്റ്റിന് ട്രാന്റര് വീഡിയോയെക്കുറിച്ച് അഭിപ്രായപ്പെട്ടത് "ഈ ഗാനത്തിന്റെ സഹ-രചയിതാവ് എന്ന നിലയില്‍, ഞാന്‍ ഈ കവറിനെ പൂര്‍ണമായും അംഗീകരിക്കുന്നു' എന്നാണ്.