സ്പാർക്ലെ ഗൺ പൊട്ടിത്തെറിച്ചു; വരനു പരിക്ക്, വീഡിയോ
Monday, September 30, 2024 12:25 PM IST
വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ലെ ഗൺ പൊട്ടിത്തെറിച്ച് വരന് പരിക്കേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഗൺ ഉപയോഗിച്ച് തീപ്പൊരികൾ ചിതറിക്കുന്നതിനിടെയായിരുന്നു അപകടം.
വിവാഹവേദിയിൽ നിൽക്കുന്ന നവദമ്പതികളെയാണു വീഡിയോയിൽ ആദ്യം കാണുന്നത്. അതിനിടെ ഇരുവരുടെയും കൈയിൽ സുഹൃത്തുക്കൾ സ്പാർക്ലെ ഗൺ നൽകുകയും അവരത് ഓൺ ആക്കി ഉയർത്തി പിടിക്കുകയും ചെയ്യുന്നു.
ഗണ്ണിൽനിന്നു തീപ്പൊരികൾ ചിതറുന്നതിനിടെ പെട്ടെന്ന് വരന്റെ കൈയിലിരുന്ന തോക്ക് പൊട്ടിത്തെറിച്ചു. ഭയന്നുപോയ വരനും വധുവും കൈയിലെ തോക്കുകൾ വലിച്ചെറിഞ്ഞെങ്കിലും പൊട്ടിത്തെറിയിൽ വരന്റെ കൈക്കു സാരമായി പരിക്കേറ്റു.
"ഇത് നിർത്തുക' എന്ന അടിക്കുറിപ്പോടെ റിതിക് എഡിറ്റ്സ് എന്ന അക്കൗണ്ടിൽനിന്നാണു വീഡിയോ ഇൻസ്റ്റാഗ്രാമിലെത്തിയത്. സംഭവം എവിടെ നടന്നതെന്നു വീഡിയോയിൽ വ്യക്തമല്ല. വീഡിയോ ഇതിനോടകം കണ്ടത് 23.5 ദശലക്ഷം ആളുകളാണ്.
ഇത്തരം അപകടകരമായ വസ്തുക്കൾ ആഘോഷവേളകളിൽ ഉപയോഗിച്ച് എന്തിനാണ് വലിയ ദുരന്തങ്ങൾ ഇരന്നു വാങ്ങുന്നത് എന്നായിരുന്നു ഒരു കമന്റ്.