"മുതലയെപ്പോലുള്ള മത്സ്യം'; കാഴ്ചക്കാരെ ഞെട്ടിച്ചു
Friday, September 27, 2024 3:09 PM IST
വിവിധ തരം മീനുകള്‍ നമ്മുടെ ലോകത്തുണ്ടല്ലൊ. അവയില്‍ ചിലതിനെ നാം ഭക്ഷിക്കും. ചിലതിനെ അലങ്കാരമാക്കും. എന്നാല്‍ അപൂര്‍വമായി കാണുന്ന ചില മീനുകള്‍ നമ്മളില്‍ അതിശയം ജനിപ്പിക്കും.
മിക്കപ്പോഴും കടലിലും മറ്റും "മീന്‍ വേട്ടയ്ക്കായി' പോകുന്നവരാണ് ഇത്തരം വലിയ മത്സ്യങ്ങളെ കാണുക. അടുത്തിടെ എക്സിലെത്തിയ ദൃശ്യങ്ങളില്‍ കാനഡയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ ഒരു മീനെ പിടിക്കുന്നതാണുള്ളത്.
ആദ്യ കാഴ്ചയില്‍ മുതലയെപ്പോലെയാണ് ഈ മത്സ്യത്തെ തോന്നുക. ജീവിയുടെ വലിപ്പവും വിചിത്രമായ രൂപവും കണ്ട് മത്സ്യത്തൊഴിലാളികള്‍ സ്തംഭിച്ച നിശബ്ദതയില്‍ നിന്നു. പിന്നീട് ഇത് "ജയന്റ് സ്റ്റര്ജന് മത്സ്യം' ആണെന്ന് അവര്‍ മനസിലാക്കി.
200 ദശലക്ഷം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പുരാതന ജീവികളാണ് സ്റ്റര്‍ജിയന്‍ മത്സ്യം. വടക്കന്‍ അര്‍ദ്ധഗോളത്തിലെ നദികളിലും തടാകങ്ങളിലും തീരപ്രദേശങ്ങളിലും ഇവ കൂടുതലായി കാണപ്പെടുന്നു. നീളമുള്ളതും സുഗമമായതുമായ ശരീരങ്ങളും അസ്ഥി ഫലകങ്ങളാലും സ്റ്റര്‍ജനുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
ചിലതിന് ആറുമീറ്റര്‍ വരെ നീളവും 680 കിലോയില്‍ കൂടുതല്‍ ഭാരവും ഉണ്ടാകും. ശുദ്ധജലത്തിനും ഉപ്പുവെള്ളത്തിനുമിടയില് മുട്ടയിടാന്‍ അവര്‍ ദേശാടനം ചെയ്യും. 100 വര്‍ഷത്തിലധികം ജീവിക്കുകയും ചെയ്യും.
ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ തൊഴിലാളികള്‍ പങ്കുവച്ചു. നിരവധിപേര്‍ അതിശയം പ്രകടിപ്പിച്ചു.