ഫുഡ് ഓര്‍ഡര്‍ ക്ലാസ്മുറിയില്‍ നിന്നെത്തിയാല്‍; ഏജന്റ് എന്തുചെയ്യും!
Wednesday, September 25, 2024 3:37 PM IST
ഇക്കാലത്ത് ഓണ്‍ലൈന്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യമാണല്ലൊ. നമുക്കിഷ്ടമുള്ള എന്ത് ആഹാരവും നമ്മളുള്ള ഇടത്ത് എത്തിക്കുന്ന ഈ പരിപാടി വളരെ ജനപ്രിയമാണ്.
എന്നാല്‍ ഈ ഓര്‍ഡര്‍ എത്തിക്കുന്ന ഏജന്റുമാര്‍ പലപ്പോഴും കുഴങ്ങാറുണ്ട്. കൃത്യമായ ലൊക്കേഷന്‍ ഉപഭോക്താവ് നല്കാത്തതിനാലാകാം പലപ്പോഴും അവര്‍ വട്ടംകറങ്ങുക. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ ഒരു വീഡിയോയയും ഇക്കാര്യമാണ് പറയുന്നത്.
ഇവിടെ ഒരു വിദ്വാന് യൂബര്‍ ഈറ്റ്സ് വഴി ആഹാരം ഓര്‍ഡര്‍ ചെയ്തു. ഏജന്റ് ലൊക്കേഷന്‍ തപ്പി എത്തിയപ്പോള്‍ ആകെ പെട്ടു. കാരണം ഒരു ക്ലാസ് മുറിക്കുള്ളില്‍ നിന്നായിരുന്നു ഈ ഓര്‍ഡര്‍. അദ്ദേഹം എത്തുമ്പോള്‍ ഒരു പ്രഫസര്‍ ക്ലാസ് എടുക്കുകയുമാണ്.
എന്തായാലും ഏജന്റ് രണ്ടുംകല്പിച്ച് ചോദിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആന്റണി ആരാണെന്ന്. പിന് ബെഞ്ചിലുള്ള വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഡെലിവറി ഏജന്റ് ആവശ്യപ്പെടുമ്പോള്‍ വെരിഫിക്കേഷന് കോഡ് അദ്ദേഹം നല്കുന്നു. ഈ സമയമെല്ലാം പ്രഫസറും ക്ലാസിലെ മറ്റ് വിദ്യാര്‍ഥികളും അവരെ നോക്കി നില്‍ക്കുകയാണ്.
ഡെലിവറി നടത്തിയ ശേഷം ഏജന്റ് സൈക്കിളില്‍ ക്ലാസിലെ പടിയിലൂടെ ഓടിച്ചിറങ്ങിപ്പോകുന്നു. പോകും മുമ്പ് അധ്യാപകനോട് ക്ഷമാപണം നടത്താന്‍ അദ്ദേഹം തയാറായി. "ഇനി ആരെങ്കിലും ഒരു പീസാ ഓര്‍ഡര്‍ ചെയ്തോ' എന്ന് പ്രഫസര്‍ ക്ലാസിനോട് ചോദിക്കുന്നുണ്ട്.
എന്തായാലും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണുളവാക്കിയത്. "ഇത് അനാദരവാണെന്ന്' ചിലര്‍ ചൂണ്ടിക്കാട്ടി. "ഓര്‍ഡര്‍ ചെയ്തവന് ഒരു ബാക്ക്ബെഞ്ചറാണ്' എന്ന കാര്യമാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്.