ട്രെയിനിനൊപ്പം സെല്‍ഫി; ആയുസൊടുങ്ങാഞ്ഞത് ഭാഗ്യമെന്ന് നെറ്റിസണ്‍സ്
Wednesday, September 18, 2024 3:21 PM IST
പിന്കാമറകളിലും ജനപ്രീതി മുന്കാമറകള്ക്ക് ലഭിച്ചതിന് കാരണം "അവനവന്' സ്നേഹമാണെന്ന് പറയാതെ വയ്യ. സെല്‍ഫികള്‍ക്കായി പലരും പല സാഹസങ്ങളും കാട്ടാറുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും ജീവന് നഷ്ടപ്പെടാന്‍ സെല്‍ഫി കാരണമായിട്ടുണ്ട് എന്നതാണ് ദുഃഖസത്യം.
അടുത്തിടെ ഒരു യുവാവ് സെല്‍ഫിക്കായി ഡാര്‍ജിലിംഗില്‍ ടോയ് ട്രെയിനിന് മുന്നില്‍ നിന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. "സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടുങ്ങിയ രക്ഷപ്പെടല്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലെത്തിയത്.
ദൃശ്യങ്ങളില്‍ സോനു എന്ന യുവാവ് റെയില്‍വേ ലൈനില്‍ നില്‍ക്കുകയാണ്. മൂടല്‍മഞ്ഞുള്ള സമയമാണത്. നിരവധിയാളുകള്‍ പ്ലാറ്റ്ഫോമിലായി നില്ക്കുന്നു. ഈ സമയം ട്രെയിന്‍ വരികയാണ്.
എന്നാല്‍ യുവാവവ് തെല്ലും കൂസാതെ പാളത്തില്‍തന്നെ മൊബൈലുമായി നില്ക്കുന്നു. ആകെ ഭയചകിതയായ ഇയാളുടെ ഭാര്യ "സോനു' എന്ന് അലറി വിളിക്കുന്നുണ്ട്. കാര്യങ്ങള്‍ ദാരുണമായ വഴിത്തിരിവിലേക്ക് മാറുന്നതിന് മുമ്പ്, ട്രാക്കിനടുത്ത് നിന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇടപെട്ട് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.
ഇയാളുടെ നിരുത്തരവാദപരമായ പെരുമാറ്റം സോഷ്യല്‍ മീഡിയയിൽ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി. "അത്തരക്കാരോട് എനിക്ക് സഹതാപമില്ല, അവന് മരിക്കട്ടെ' എന്നാണൊരാള്‍ കുറിച്ചത്. "ദയവുചെയ്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇയാള്‍ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കുക' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. "ഇത് വെറും അഭിനയമാണ്' എന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്.