ജീവനൊടുക്കാന്‍ മെട്രോ ട്രാക്കില്‍ ചാടി യുവതി; സംഭവിച്ചത് എന്തെന്നാല്‍...
Sunday, September 8, 2024 12:49 PM IST
പലരും പല കാരണങ്ങളാല്‍ ജീവന് ഒടുക്കാറുണ്ടല്ലൊ. ചില കാരണങ്ങള്‍ മറ്റ് മനുഷ്യരുടെ യുക്തിയില്‍ മനസിലാകാറില്ല. ഏറ്റവും സങ്കടകരമായ കാര്യം ചിലര്‍ ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ കൊന്നിട്ടാണ് ആത്മഹത്യ ചെയ്യാറുള്ളത് എന്നതാണ്.
ആത്മഹത്യ ചെയ്യുന്നവരില്‍ നല്ലൊരു പങ്കും തെരഞ്ഞെടുക്കുന്ന ഒരു വഴിയാണ് ട്രെയിനിന് മുന്നില്‍ ചാടുക എന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനിന്റെ കാലമാണല്ലൊ. ഡല്‍ഹിയിലുള്ള ഒരു യുവതി മെട്രോ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കാനായി ശ്രമിച്ച ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണിപ്പോൾ.
ഡല്‍ഹിയിലെ രാജേന്ദ്ര നഗര്‍ മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം. ഒരു പെണ്‍കുട്ടി റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍, മെട്രോ ഡ്രൈവര്‍ കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്തി. അതിനാല്‍ ജീവനൊടുക്കല്‍ നടന്നില്ല.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പിടികൂടുകയും ട്രാക്കില്‍ നിന്ന് മാറ്റുകയുമുണ്ടായി. എക്സിലെത്തിയ ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതിനിടയില്‍ പെണ്‍കുട്ടി ട്രാക്കിലൂടെ ഓടുന്നത് കാണാം.
കുറച്ച് സമയത്തിന് ശേഷം, ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പിടികൂടുകയും ട്രാക്കില്‍ നിന്ന് രക്ഷിച്ച ശേഷം സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഈ സമയമത്രയും ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം.
വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. ചില ആളുകള്‍ ആത്മഹത്യ പ്രവണതയെ വിശകലനം ചെയ്തപ്പോള്‍ മറ്റു ചിലര്‍ ആ പെണ്‍കുട്ടി മരിക്കാഞ്ഞതിലെ ആശ്വാസം പങ്കുവച്ചു.