"പ്രവൃത്തിയാണ് വലിയവനാക്കുന്നത്'; ആരാധികയ്ക്കൊപ്പം യൂസഫലിയുടെ ഒരു സെല്‍ഫി
Saturday, September 7, 2024 3:11 PM IST
സെല്‍ഫി ഈ കാലത്തിന്റെ ഓട്ടോഗ്രാഫ് ആണല്ലൊ. പണ്ട് കടലാസുമായി പ്രിയ താരത്തിന്റെ ഒരു കുത്തിക്കുറിക്കലിനായി പലരും നിന്നിരുന്നല്ലൊ. അതുപോലെ മൊബൈല്‍ ഫോണില്‍ സെല്‍ഫി കാമറ ഓണാക്കി ഇക്കാലത്ത് പലരും താരങ്ങളെ കാത്ത് നില്ക്കും.
എന്നാല്‍ ചിലര്ക്കതത്ര പിടിക്കില്ല. പലരും മൊബൈല്‍ ഫോണ്‍ തട്ടിക്കളഞ്ഞ സംഭവങ്ങള്‍ വാര്ത്തകളായിട്ടുണ്ടല്ലൊ. എന്നാല്‍ ചില മനുഷ്യര്‍ എത്രയേറെ സമ്പാദിച്ചാലും പേരെടുത്താലും അതിന്റെ പ്രൗഢ്യത സാധാരണക്കാര്‍ക്ക് മുന്നില്‍ അഹങ്കാരമായി കാട്ടാറില്ല.
അവര്‍ മറ്റ് മനുഷ്യരെ മനസിലാക്കും. അത്തരത്തിലുള്ള ഒരാളാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. തന്നെ കാണാനെത്തുന്നവരുമായി അദ്ദേഹം വളരെ സാധാരണയായി സംഭാഷിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹവുമായി സെല്‍ഫി എടുക്കാന്‍ ഒരു പെണ്‍കുട്ടി ശ്രമിക്കുന്നതും അതില്‍ അദ്ദേഹം പ്രതികരിച്ച രീതിയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയിലുള്ളത് അബുദാബിയില്‍ നിന്നുള്ള കാഴ്ചയാണ്.
ദൃശ്യങ്ങളില്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സിലൂടെ യൂസഫലി തന്റെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളുള്‍പ്പെടെ ഒരു ചെറിയ കൂട്ടത്തോടൊപ്പം നടന്നു പോകുന്നു. ഈ സമയം ഒരു പെണ്‍കുട്ടി അദ്ദേഹവുമായി സെല്‍ഫി എടുക്കാന്‍ മൊബൈല്‍ ഓണാക്കി വേഗത്തില്‍ ഓടുന്നു. അദ്ദേഹം അറിയാതെയാണ് ഈ കുട്ടി ഈ പ്രവൃത്തി ചെയ്യുന്നത്.
എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം അവിടെ നില്‍ക്കുകയും ആ പെണ്‍കുട്ടിയെ തനിക്കരികിലേക്ക് വിളിച്ച് സെല്‍ഫി എടുക്കുകയും ചെയ്യുന്നു. ആ പെണ്‍കുട്ടിക്കൊപ്പം വന്ന യുവതിയും സെല്‍ഫിയില്‍ പങ്കാളിയാകുന്നു.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "വാക്കുകളേക്കാള്‍ ഉച്ചത്തില്‍ പ്രവൃത്തികള്‍ സംസാരിക്കുന്നു; ഇതിനെ വിനയം എന്ന് വിളിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. "എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി' എന്നാണ് മറ്റൊരാള്‍ കുറച്ചത്.