മുതലയെ മടിയിലിരുത്തി യുവാക്കൾ സ്കൂട്ടറിൽ..! വീഡിയോ
Friday, September 6, 2024 11:31 AM IST
കൂറ്റൻ മുതലയുമായി സ്കൂട്ടറിൽ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂട്ടറിന്റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയിലായിരുന്നു മുതല. മുതലയുടെ വായും കാലും കയറുകൊണ്ടു ബന്ധിച്ചിരുന്നു. ഒറ്റദിവസംകൊണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണു വീഡിയോ കണ്ടത്.
ഗുജറാത്തിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത പേമാരിയിൽ വഡോദര നഗരം വെള്ളക്കെട്ടിലായിരുന്നു. അതിനിടെ കരകവിഞ്ഞ വിശ്വാമിത്രി നദിയിൽനിന്നു മുതലകള്‍ നഗരത്തിലെത്തി. അതിലൊന്നിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സന്നദ്ധ പ്രവര്‍ത്തകർ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്.
വഡോദര നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിനു സമീപത്തെ ഒരു വീടിന്റെ ടെറസിൽ ഒരു മുതല ഇരിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. വിശ്വാമിത്രി നദിയിൽ 440 മുതലകളുണ്ടെന്നാണു കണക്ക്.
വെള്ളപ്പൊക്കത്തിൽ ജനവാസമേഖലകളിലെത്തിയ 24 മുതലകളെ പിടികൂടിയെന്നും ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്കുതന്നെ വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.