"ഇവനെ എണ്ണയിൽ പൊരിക്കാൻ യമരാജനുപോലും കഴിയില്ല..!'
Saturday, August 31, 2024 3:27 PM IST
"ഇവനെ എണ്ണയിൽ പൊരിക്കാൻ സാക്ഷാൽ യമരാജനുപോലും കഴിയില്ല...' - രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ ഒരു തട്ടുകടക്കാരനെക്കുറിച്ചുള്ള നാട്ടുകാരുടെ കമന്റാണിത്. അങ്ങനെ പറയാൻ കാരണമെന്താണെന്നല്ലേ..? ചുട്ടുതിളയ്ക്കുന്ന എണ്ണയിൽ നഗ്നമായ കൈ മുക്കി പക്കോഡ തയാറാക്കലാണ് ഈ തട്ടുകടക്കാരന്റെ പ്രധാന ഹോബി!
ജയ്പുരിലെ മോട്ടികത്ല ബസാർ പ്രദേശത്തെ "കിഷൻ പക്കോഡി വാല' യിലാണ് അന്പരപ്പുണ്ടാക്കുന്ന പക്കോഡ ഉണ്ടാക്കൽ. വ്യത്യസ്തമായ പാചകശൈലികൊണ്ട് പ്രസിദ്ധനാണ് ഈ പക്കോഡക്കാരൻ.
പക്കോഡ് വറുക്കാൻ എണ്ണയിലേക്കിടുന്നതും വറുത്തുകഴിഞ്ഞ പക്കോഡ പാത്രത്തിൽനിന്ന് ഇയാൾ വാരിയെടുക്കുന്നതും കൈകൊണ്ടുതന്നെ. ഒരു സ്പൂൺ പോലും ഇഷ്ടൻ ഉപയോഗിക്കാറില്ല. ഫുഡി ഹിന്ദുസ്ഥാനി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
"തിളച്ച എണ്ണയല്ലേ... കൈ പൊള്ളില്ലേ...' എന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് ചോദിക്കുന്പോൾ തന്റെ ഇഷ്ടദൈവത്തിന്റെ ചിത്രത്തിൽ നോക്കി "എല്ലാം ദൈവാനുഗ്രഹം' എന്ന് പക്കോഡക്കാരൻ പറയുന്നു.