ലക്ഷത്തിലൊന്നേ കാണൂ...; ഒരു ബീഡികൊണ്ട് നാടാകെ "പ്രകാശം' പരത്തിയ ആള്
Thursday, August 22, 2024 2:06 PM IST
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമെന്ന് വഴിയിലും സിനിമാ കൊട്ടകയിലുമൊക്കെ വച്ച് നാം കാണാറുണ്ടല്ലൊ. സ്പോഞ്ചുപോലുള്ള ശ്വാസകോശത്തെ അത് തകര്‍ക്കുമെന്നാണ് ഇതില്‍ നിന്നും പലരും മനസിലാക്കുക.
എന്നാല്‍ ബീഡി വലി ഉള്ളില്‍ മാത്രമല്ല പുറത്തും ഹാനിയുണ്ടാക്കുമെന്ന് പറഞ്ഞു തരികയാണ് അടുത്തിടെ ആന്ധ്രയില്‍ നടന്ന ഒരു സംഭവം. എക്സിലെത്തിയ ദൃശ്യങ്ങളില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണദുര്‍ഗം ടൗണില്‍ നിന്നുള്ള കാഴ്ചയാണുള്ളത്.
ഇവിടെ ഒരു കടയ്ക്കടുത്തായി രണ്ടുമൂന്നുപേര് നില്ക്കുന്നതായി കാണാം. സമീപത്തായി ഒരു ബൈക്കും സ്കൂട്ടിയുമുണ്ട്. എന്നാല്‍ ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പെട്രോള്‍ പമ്പുമുണ്ടായിരുന്നത്രെ. കൂട്ടത്തില്‍ ഭാഗ്യവാനായ ഒരാള്‍ തന്റെ സ്കൂട്ടിയും തള്ളി അവിടുന്നു പോകുന്നു.
ഈ സമയം കൂട്ടത്തിലുള്ള വല്ല്യേട്ടന് ഒന്ന് ബീഡി കത്തിക്കാന്‍ തോന്നി. മടിച്ചില്ല, ഒന്നെടുത്തു ചുണ്ടത്തുവച്ചു, തീപ്പെട്ടിയുരച്ചു; കത്തിച്ചു. ഒന്നു ആഞ്ഞുവലിച്ച ശേഷം തീപ്പെട്ടിക്കൊള്ളി മുന്നിലെ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നൊരു ആന്തലായിരുന്നു.
കാരണം അല്പം മുമ്പ് പെട്രോള്‍ പമ്പില്‍ നിന്ന് ഒരാള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നത്രെ. എന്നാല്‍ ഇയാളതുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പെട്രോള്‍ ലീക്കായി റോഡിലും മറ്റും വീണിരുന്നു.
പമ്പിനടുത്ത് നില്ക്കുമ്പോള് പെട്രോളിന്റെ മണം വന്നാല്‍ ആരും സംശയിക്കില്ലല്ലൊ. നമ്മുടെ ഈ ചേട്ടന് അത്തരത്തില്‍ മണം അവഗണിച്ച് തീപ്പെട്ടിയുരച്ചു അത്ര തന്നെ. സമീപം നിന്നവര്‍ ജീവനും കൊണ്ട് പാഞ്ഞു. ചേട്ടനും ഓടി.
എന്നാല്‍ കടയും സമീപത്തെ നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. കട നിന്നു കത്തുന്ന ദൃശ്യങ്ങളിലാണ് വീഡിയോ അവസാനിക്കുന്നത്.