ഓഫർ പ്രഖ്യാപിക്കല്ലേ ഇവർ പണി തരും..!
Thursday, August 22, 2024 12:36 PM IST
ഉപഭോക്താക്കളെ ആകർഷിക്കാൻ കച്ചവടക്കാർ പല ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ഇതിൽ പലതിലും വലിയ വില ഈടാക്കിയശേഷം ചെറിയ ഓഫർ നൽകുന്നതായിരിക്കും. എന്നാൽ ഇത്തരക്കാരെ പറ്റിക്കുന്ന ഉപഭോക്താക്കളുമുണ്ട്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കണ്ടാൽ ഓഫർ പ്രഖ്യാപിക്കാൻ കച്ചവടക്കാർ ഇനി തെല്ല് മടിക്കും. സാർഥക് സച്ച്ദേവ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ആണ് വീഡിയോയ്ക്ക് പിന്നിൽ.
സുഹൃത്തിനോടൊപ്പം തിയറ്ററിൽ സിനിമ കാണാൻ പോയ ഇയാൾ തിയറ്ററിലെ "അൺലിമിറ്റഡ് പോപ്കോൺ' ഓഫർ മുതലാക്കുന്ന കാഴ്ചയാണ് വീഡിയോയിലള്ളത്. തിയറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് എത്ര വേണമെങ്കിലും പോപ്കോൺ കഴിക്കാമായിരുന്നു.
ഓഫർ മുതലാക്കാൻ തീരുമാനിച്ച ഇരുവരും പണം നൽകിയശേഷം പോപ്കോൺ തുടർച്ചയായി വാങ്ങി തിന്നാൽ തുടങ്ങി. സ്വയം കഴിച്ചതിനു പുറമെ തിയറ്ററിലുള്ളവർക്കും യഥേഷ്ടം നൽകി. അവിടെയും നിർത്തിയില്ല, ഒരു സഞ്ചിയിൽ ശേഖരിച്ച് തിയറ്ററിന് പുറത്തുണ്ടായിരുന്നവർക്കും പോപ്കോൺ കൊടുത്തു.
അങ്ങനെ ഒരു സിനിമ കണ്ടു തീർന്ന സമയംകൊണ്ട് ഇവർ വാങ്ങിച്ചത് മൂന്നു കിലോ പോപ്കോൺ. "ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ച കാര്യം നിങ്ങൾ ചെയ്തു' എന്ന് നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കുറിച്ചു.