ഒരു മനുഷ്യനെ പോര്‍ഷെ കാറില്‍ കയറ്റിയ മറ്റൊരു മനുഷ്യന്; ഹൃദയം കീഴടക്കിയെന്ന് നെറ്റിസണ്‍സ്
Monday, August 12, 2024 3:28 PM IST
ഈ ലോകത്ത് എല്ലാവരും സമ്പന്നരല്ലല്ലൊ. എന്നാല്‍ എല്ലാവര്ക്കും ഹൃദയവും സ്വപ്നവുമുണ്ട്. ചിലര്‍ അത് മനസിലാക്കും. തങ്ങളുടെ സൗഭാഗ്യങ്ങളില്‍ മറ്റുള്ളവരെയും കരുതാന്‍ ശ്രമിക്കും. മറ്റു ചിലര്‍ എല്ലാം എന്നും തനിക്കൊപ്പം ഉണ്ടാകുമെന്ന് കരുതി അഹങ്കരിച്ച് നടക്കും.
ഇപ്പോഴിതാ ഒരു ഭിന്നശേഷിക്കാരനായ യുവാവിനോട് പണക്കാരനായ മറ്റൊരു യുവാവ് ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഭിന്നശേഷിക്കാരനായ ആ പാവപ്പെട്ട മനുഷ്യന് ആഡംബരകാറായ പോര്‍ഷെ കണ്ടപ്പോള്‍ അതിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നു. ഈ സമയം കാറിന്റെ ഉടമയായ ചെറുപ്പക്കാരന് "എന്താണ് കാണിക്കുന്നതെന്ന്' ചോദിച്ച് അടുത്തെത്തുന്നു.
പേടിച്ചരണ്ട യുവാവ് ഓടിപ്പോകാന്‍ ശ്രമിക്കുന്നു. എന്നാല്‍ പോര്‍ഷെയുടെ ഉടമ അയാളെ പിടിച്ചുനിര്‍ത്തി മൊബൈലിലെ ചിത്രങ്ങള്‍ നോക്കുന്നു. ആ ചെറുപ്പക്കാരന് ഈ ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചേക്കാം എന്നാണ് മിക്കവരും കരുതുക.
എന്നാല്‍ അയാള്‍ അവനോട് നല്ല ചിത്രങ്ങള്‍ താന്‍ പകര്‍ത്തിത്തരാം എന്ന് പറയുന്നു. അയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുക മാത്രമല്ല ഈ മനുഷ്യനെ തന്റെ കാറില്‍ കയറ്റി ഒരു സവാരിയും നടത്തുന്നു. ദരിദ്രനായ ആ മനുഷ്യന്റെ ആനന്ദം ഒന്നുകാണേണ്ടതാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. മിക്കവരും പോര്‍ഷെ ഉടമയെ പുകഴ്ത്തി. എന്നാല്‍ ചിലര്‍ ഇത് മുന്‍കൂട്ടി തയാറാക്കിയതെന്ന് വിമര്‍ശിച്ചു. "കാമറകള്‍ നേരത്തെ ഒപ്പിയെടുക്കാന്‍ പരുവത്തില്‍ ഒരുക്കിയുള്ള നന്മ' എന്നാണ് ചിലര്‍ ഇതിനെ വിമര്‍ശിച്ചത്.