ഒരു കടി പിന്നെ പുകയും തീയും; രക്ഷപ്പെട്ടതെങ്ങനെയെന്ന് പൂച്ചയ്ക്കും നായകള്‍ക്കും ഒരുപിടിത്തോമില്ല
Thursday, August 8, 2024 3:59 PM IST
സിസിടിവിയുടെ വരവോടെ കുടുംബത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് പലരും മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ ഇത്തരത്തിലെ പല കാഴ്ചകളും നെറ്റസിണ്സിന് മുന്നില്‍ എത്തിക്കുന്നു. അവയില്‍ മിക്കതും വൈറലാകുന്നു.
ഇപ്പോഴിതാ ഭാഗ്യമൊന്നുകൊണ്ട് മാത്രം രക്ഷപ്പെട്ട മൂവര്‍ സംഘം നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടുന്നു. എന്നാലിവര്‍ മനുഷ്യരല്ല. രണ്ട് നായകളും ഒരു പൂച്ചയുമാണ്.
എക്സിലെത്തിയ വീഡിയോയില്‍ അമേരിക്കയിലെ ഒക്ലഹോമയില്‍ ഉള്ള ഒരു വീടിന്റെ ഉള് ദൃശ്യമാണുള്ളത്. ദൃശ്യങ്ങളില്‍ രണ്ട് നായകളും ഒരു പൂച്ചയും ഒരു മുറയിലിക്കുന്നു. അതില്‍ ഒരു നായ ഒരു ലിഥിയം-അയണ്‍ ബാറ്ററി കടിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ പ്രവൃത്തികള്‍ക്കും തത്തുല്യമായ എതിര്പ്രവൃത്തി ഉണ്ടാകുമെന്നാണല്ലൊ ന്യൂട്ടന്റെ നിയമം. അത് ഇവിടെയും നടന്നു. ബാറ്ററി അങ്ങ് പൊട്ടിത്തെറിച്ചു; തീപിടിച്ചു. എന്നാല്‍ അപകടം മണത്ത നായകള്‍ എണീറ്റോടി. അവറ്റകള്‍ക്കും ഒരു മുഴംമുന്നേ പൂച്ചസെര്‍ രക്ഷപ്പെട്ടു.
വ്യാപകമായി പ്രചരിച്ച വീഡിയോ നിമിത്തം ആളുകള്‍ ലിഥിയം-അയണ്‍ ബാറ്ററികള്‍ സുരക്ഷിതമല്ല എന്ന ആശങ്കപ്രകടിപ്പിക്കുന്നു. "എന്തായാലും ആ നായ ഇനി എല്ലു കണ്ടാലും കടിക്കാന്‍ മടിക്കും' എന്നാണൊരാള്‍ കുറിച്ചത്.