ഒറ്റയ്ക്കിരിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാള്‍ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഓര്‍ത്തുപോകും. പ്രത്യേകിച്ച് ബീച്ചിലോ പാര്‍ക്കിലോ റസ്റ്ററന്‍റിലോ ഒക്കെ ഇരിക്കുമ്പോള്‍. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്തിരിക്കുന്നയാള്‍ നല്ലൊരു കമ്പനി തന്നാലോ? മനസ് സന്തോഷിക്കും അല്ലേ?

അത്തരമൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. ഒരു യുവാവ് റസ്റ്ററന്‍റിലിരുന്ന് ചെറിയൊരു ബണ്‍ കഴിക്കുന്നു. ഇയാള്‍ ഒറ്റയ്ക്കാണ് ഇരിക്കുന്നത്. സമീപത്തെ ടേബിളില്‍ ഒരു യുവതിയും ഇരിക്കുന്നുണ്ട്. രണ്ട് ബര്‍ഗറുകളടക്കം കുറച്ചധികം വിഭവങ്ങള്‍ ഈ യുവതി ഓര്‍ഡര്‍ ചെയ്തിരുന്നു.

യുവാവിനെ കൈവീശി വിളിച്ച് ഒരു ബര്‍ഗര്‍ അയാള്‍ക്കും കൊടുക്കുകയാണ് യുവതി. ഉടന്‍ യുവാവ് തന്‍റെ കൈയിലുണ്ടായിരുന്ന ബണ്‍ ബാഗിലേക്ക് ഇടുന്നതും സന്തോഷത്തോടെ യുവതി ഇരുന്ന ടേബിളിലേക്ക് വരുന്നതും കാണാം.



റസ്റ്ററന്‍റിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ itstarangimemer എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വന്നത്. ഓഗസ്റ്റ് 13നാണ് വീഡിയോ വന്നതെങ്കിലും അടുത്തിടെയാണ് ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്. ഒരു കോടിയിലധികം ആളുകള്‍ വീഡിയോ കണ്ടു. 38 ലക്ഷം പേരാണ് ഇതിന് ലൈക്ക് നല്‍കിയത്.

"സൗന്ദര്യത്തിനൊപ്പം തന്നെ അവരുടെ മഹാമനസ്‌കതയും നിറഞ്ഞ് കാണാം', "ഇതാണ് സ്‌നേഹം', "ആരും ഒറ്റയ്ക്കാകരുത്' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകളും വീഡിയോയെ തേടിയെത്തി.